ഇന്ന് മഹാനവമി, വിദ്യാരംഭം നാളെ

മഹാനവമി ഇന്ന്. നാളെയാണ് സരസ്വതീ പ്രസാദം നിറയുന്ന വിജയദശമി. ഇന്ന് കര്‍മ മേഖലയിലെ പുരോഗതിക്കായി സൈനികരും ഉദ്യോഗസ്ഥരും തൊഴിലാളികളും ഭാരതത്തില്‍ അങ്ങോളമിങ്ങോളം ദേവീ ശക്തിയുടെ പരമോന്നത രൂപമായ സിദ്ധിദാത്രിക്കായി പ്രത്യേക പൂജ ചെയ്യും. എന്നാല്‍ പഠന മികവിനായി വിദ്യാര്‍ത്ഥികള്‍ മഹാനവമിയില്‍ സരസ്വതീ പൂജയാണ് നടത്തുക.

പഠിച്ച വിദ്യകള്‍ ഫലവത്താകാന്‍ വിദ്യാദേവതയായ സരസ്വതിയുടെ കടാക്ഷമുണ്ടാകണം. അതിനാല്‍ വിജയദശമി ദിവസം വിദ്യാരംഭത്തോടെയാണ് നവരാത്രി വ്രതാനുഷ്ഠാനം പൂര്‍ണമാകുക. മഹാനവമിയിലെ അടച്ചുപൂജയില്‍ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്കു തുറക്കുന്ന ദിവസമാണ് വിജയദശമി. വാദ്യ-നൃത്ത സംഗീത കലാപഠനത്തിനു തുടക്കം കുറിക്കാനും വിജയദശമി ഉത്തമമാണ്.വിജയദശമി ദിനമായ നാളെ ആയിരക്കണക്കിനു കുരുന്നുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ ഹരിശ്രീ കുറിക്കും. ദക്ഷിണ മൂകാംബിയെന്നു പ്രസിദ്ധമായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രം, ദേവി സരസിജയായിരിക്കുന്ന പറവൂര്‍ ക്ഷേത്രം, ചോറ്റാനിക്കര, തൃശ്ശൂര്‍ ജില്ലയിലെ തിരുവുള്ളക്കാവ് എന്നിവിടങ്ങളില്‍ വിദ്യാരംഭത്തിന് അഭൂതപൂര്‍വമായ തിരക്കാകും. വിദ്യാര്‍ഥികള്‍ വിജയദശമിക്കു പൂജയെടുത്ത് വീടുകളില്‍ വിദ്യാരംഭം നടത്തും.

error: Content is protected !!