ശബരിമല 16ന് വൈകിട്ട് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17ന്

ശബരിമല : തുലാമാസ പൂജയ്ക്കായി ക്ഷേത്രനട 16നു വൈകിട്ട് 5ന് തുറക്കും. അന്നു രാത്രി 10 വരെ തീർഥാടകർക്ക് ദർശനത്തിന് അവസരം ലഭിക്കും. 17 മുതൽ 21 വരെയാണ് പൂജകൾ. 21ന് രാത്രി 10ന് നട അടയ്ക്കും. പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 17ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം സന്നിധാനത്തു നടക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, സ്പെഷൽ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആർ.ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. മേൽശാന്തി നിയമന അഭിമുഖത്തിനുള്ള പട്ടികയിൽ വിജ്ഞാപന പ്രകാരമുള്ള നിശ്ചിതകാലം മേൽശാന്തിയാകാത്തവരും ഉൾപ്പെട്ടെന്ന പരാതിയുൾപ്പെടെ പരിഗണിച്ച ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് അനുമതി നൽകിയത്. അതേസമയം മതിയായ പൂജാ പരിചയം ഇല്ലെന്ന് കണ്ടെത്തിയവരെ നറുക്കെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്തുന്നതു കോടതിയുടെ തുടർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.എം.പ്രമോദ്, ടി.കെ.യോഗേഷ് നമ്പൂതിരി എന്നിവർക്കു മതിയായ പൂജാ പരിചയം ഇല്ലെന്നു കണ്ടെത്തിയിരുന്നെന്നും എന്നാൽ അപ്പീലിനെ തുടർന്നാണു പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനുള്ള കാരണം ഫയലിൽ വ്യക്തമാക്കിയിട്ടുമില്ല. ഇരുവരെയും സ്വമേധയാ കക്ഷി ചേർത്ത ഹൈക്കോടതി നോട്ടിസിനും നിർദേശിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർക്ക് അഭിമുഖത്തിൽ ലഭിച്ച മാർക്കിലും അന്തരമുണ്ടെന്നും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിശ്ചിത മാതൃകയിൽ നൽകണമെന്ന ഉത്തരവ് കർശനമായി പാലിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. വിഷയം 14ന് വീണ്ടും പരിഗണിക്കും.

error: Content is protected !!