സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണവില ഇന്ന് താഴ്ന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,960 രൂപയായി. ഗ്രാമിന് 14,620 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വർണത്തിനും വിലക്കുറവുണ്ടായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,010 രൂപയായി.
മേയ് 13ന് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നാലെ ദിവസങ്ങളായി വിലയിൽ വൻ ചാഞ്ചാട്ടമാണ് തുടരുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് ഏകദേശം 3,000 രൂപയോളം വർധന രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ ഇടിവ്.
രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളും യുഎസ്-ഇറാൻ സംഘർഷ സാധ്യതകളും സ്വർണവിലയെ ബാധിക്കുന്നതായി വിപണി നിരീക്ഷകർ പറയുന്നു. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
