തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ,
ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജെ ബി കോശി
കമീഷന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകരിച്ചു. റിപ്പോർട്ട്
ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം
തീരുമാനം കൈക്കൊണ്ട ശുപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി മന്ത്രിസഭായോഗം തീരുമാനമെടുത്തു. ലത്തീൻ കത്തോലിക്കാ നിർണയത്തിൽ ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റും
പരിഗണിക്കും. 1947ന് മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായി
ചേർന്നവർക്കും അവരുടെ പിൻ തലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ
സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുള്ളൂ എന്ന അശാസ്ത്രീയ
നിബന്ധനയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ആയതിനാൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ജാതി/സമുദായ സർട്ടിഫിക്കറ്റ്
അനുവദിക്കാമെന്നും 1947 എന്ന വർഷം ജാതി/സമുദായ സർട്ടിഫിക്കറ്റ്
നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും മന്ത്രിസഭായോഗം
തീരുമാനിച്ചു.
