മാനന്തവാടിയിലും ബത്തേരിയിലും മത്സരിക്കുമെന്ന് ജെആര്‍പി നേതാക്കള്‍

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിന് പ്രാഥമിക ചര്‍ച്ചയില്‍ ബാലുശേരി, മാനന്തവാടി സീറ്റുകള്‍ ചോദിച്ചെങ്കിലും യുഡിഎഫ് നേതൃത്വം നിഷേധിച്ചതില്‍ അസോസിയേറ്റ് പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍(ജെആര്‍പി) പ്രതിഷേധം.സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ മാനന്തവാടി, ബത്തേരി പട്ടികവര്‍ഗ മണ്ഡലങ്ങളില്‍ ജെആര്‍പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് വയനാട് ജില്ലാ സെക്രട്ടറി കൃഷ്ണന്‍ തവിഞ്ഞാല്‍, വൈസ് പ്രസിഡന്‍റ് എ. ചന്തുണ്ണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബീന നടവയല്‍, കെ.എ. അരുണ്‍, കെ.ബി. രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സി.കെ. ജാനു ഉള്‍പ്പെടെ പാര്‍ട്ടി സംസ്ഥാന നേതാക്കളുടെ അനുവാദത്തോടെയാണ് വാര്‍ത്താസമ്മേളനമെന്ന് അവര്‍ വ്യക്തമാക്കി. ജെആര്‍പിക്ക് യുഡിഎഫ് സീറ്റ് അനുവദിക്കാത്തപക്ഷം മാനന്തവാടിയില്‍ പാര്‍ട്ടി സംസ്ഥാന നേതാവ് സി.കെ. ജാനു ജനവിധി തേടും. ബത്തേരിയിലെ സ്ഥാനാര്‍ഥിയെ പിന്നീട് തീരുമാനിക്കും

പട്ടികവര്‍ഗത്തിലെ അടിയ, പണിയ, കാട്ടുനായ്ക്ക, ബെട്ടക്കുറുമ തുടങ്ങിയ വിഭാഗങ്ങളെ ഇടത്, വലത് മുന്നണികള്‍ അവഗണിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പട്ടികവര്‍ഗത്തിലെ കുറുമ, കുറിച്യ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് പരിഗണന ലഭിക്കുന്നത്. മറ്റ് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.ജില്ലയിലെ സംവരണ മണ്ഡലങ്ങളില്‍നിന്ന് നിയമസഭയിലെത്തുന്നവര്‍ പട്ടികവര്‍ഗ ജനതയുടെ പ്രശ്‌നപരിഹാരത്തിന് ശക്തമായ ഇടപെടല്‍ നടത്തുന്നില്ല. പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടതടക്കം നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ ഭൂ-ഭവന രഹിതരായി തുടരുകയാണ്. ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവായ ഭൂമിയുടെ വിതരണം പോലും നടത്തുന്നില്ലെന്നും ജെആര്‍പി നേതാക്കള്‍ പറഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!