ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക്

മകരസംക്രമ സന്ധ്യയില്‍ ആയിരക്കണക്കിന് ഭക്തര്‍ക്കു ദര്‍ശനപുണ്യമേകി മകരവിളക്ക്. കൂപ്പുകൈകളുമായി ശരണംവിളികളോടെ നിന്ന ഭക്തജനങ്ങള്‍ക്ക് മുന്നില്‍ വൈകിട്ട് 6.41 ന് മകരജ്യോതി ദൃശ്യമായി. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം അണിയിച്ച് ദീപാരാധന നടന്ന അതേ മുഹൂര്‍ത്തത്തിലായിരുന്നു ദര്‍ശനം. രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞതോടെ സന്നിധാനവും പരിസരവും ഭക്തിമയമായി.പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്രയെ വൈകിട്ട് 5.50ന് ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ നേതൃത്വത്തില്‍ വരവേറ്റു. പതിനെട്ടാം പടി വഴി സന്നിധാനത്തെത്തിയ ഘോഷയാത്ര കൊടിമരച്ചുവട്ടില്‍ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, എം.എല്‍.എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.തിരുവാഭരണ പേടകം ബലിക്കല്‍പുരയിലൂടെ സോപാനത്ത് എത്തിയപ്പോള്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് ദീപാരാധനയ്ക്കായി നടയടച്ചു. തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധനയ്‌ക്കൊപ്പം പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമായി. ഭക്തര്‍ക്കായി തിരുവാഭരണം അണിഞ്ഞുള്ള ദര്‍ശനവും ആരംഭിച്ചു. ജനുവരി 17 ന് രാത്രിവരെ തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ തൊഴാം. ജനുവരി 18 ന് രാവിലെ 10 വരെ നെയ്യഭിഷേകമുണ്ടാകും. ജനുവരി 19 രാത്രി വരെ ഭക്തര്‍ക്ക് ദര്‍ശനം സൗകര്യമുണ്ട്. ജനുവരി 20 ന് രാവിലെ 6.30 ന് നടഅടയ്ക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം മകരവിളക്ക് ദിനത്തില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ 30,000 പേര്‍ക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേര്‍ക്കുമായിരുന്നു സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും 11 മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും ഭക്തരെ കടത്തിവിട്ടില്ല. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളും പിഴവില്ലാത്ത ഏകോപനവും ശബരിമലയില്‍ സുരക്ഷിതമായ മകരജ്യോതി ദര്‍ശനം സാധ്യമാക്കി. ദര്‍ശനപുണ്യം നേടിയ ആയിരക്കണക്കിന് ഭക്തര്‍ സുരക്ഷിതമായി മലയിറങ്ങി. ജനുവരി 15 മുതല്‍ 18 വരെ വെര്‍ച്വല്‍ ക്യൂ വഴി 50,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും പ്രവേശിപ്പിക്കും. 19ന് വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും.

One thought on “ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!