മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾ

ശബരിമല  :  ലക്ഷങ്ങൾക്ക് സായൂജ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല സന്നിധാനത്ത് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങൾ മലയിറങ്ങി. 6.40ഓടെ തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധന സമയത്ത് സന്നിധാനത്തിന് എതിർവശത്ത് പൊന്നമ്പലമേട്ടിൽ മൂന്നുതവണ മകരജ്യോതി തെളിഞ്ഞു.

 മകരസംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി
പന്തളത്തുനിന്നു തിങ്കളാഴ്‌ച പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് 6.24നാണ്
സന്നിധാനത്തെത്തിയത്. തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി, ദേവസ്വം അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.  
തിരുവാഭരണം ചാർത്തി 6.40ന് ദീപാരാധന നടന്നു. കിഴക്കൻ ചക്രവാളത്തിൽ മകര
നക്ഷത്രം ഉദിച്ചു. പിന്നെ മകരജ്യോതി തെളിഞ്ഞു. ഭക്തി സാന്ദ്രമായ
അന്തരീക്ഷത്തിൽ സ്വാമിയേ ശരണമയ്യപ്പാ എന്ന പ്രാർഥന ഭക്തരുടെ കണ്ഠങ്ങളിൽ
മുഴങ്ങി. അയ്യപ്പ ദർശനത്തിന്റെ നിറവിൽ പിന്നെ മലയിറക്കം 
മകരസംക്രമപൂജ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരജ്യോതി ദർശനം,
മാളികപ്പുറത്തു നിന്നുള്ള അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്ത്, മണിമണ്ഡപത്തിലെ കളമെഴുത്ത് എന്നിവയായിരുന്നു ഇന്നത്തെ പ്രധാന ചടങ്ങുകൾ.
മകരസംക്രമപൂജ വൈകിട്ട് 3.08ന് നടന്നു. ഉത്തരായനത്തിനു തുടക്കം കുറിക്കുന്ന
സംക്രമമുഹൂർത്തത്തിൽ അയ്യപ്പ സ്വാമിക്കു സംക്രമപൂജയും അഭിഷേകവും നടന്നു.
2 ലക്ഷത്തിലേറെ തീർഥാടകർ സന്നിധാനത്ത് എത്തിയതായാണ് പൊലീസിന്റെ
വിലയിരുത്തൽ. തടസ്സമില്ലാതെ പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം
തീർഥാടകർ തമ്പടിച്ചിരുന്നു. തിക്കും തിരക്കുംമൂലമുള്ള അപകടം ഒഴിവാക്കാൻ
കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തീർഥാടകരുടെ മടക്കയാത്രയ്ക്കായി
കെഎസ്ആർടിസി 1000 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.  ജ്യോതി ദർശനത്തിന് ശേഷം മടങ്ങാൻ

∙ പാണ്ടിത്താവളം ദർശൻ കോംപ്ലക്‌സ്, ബിഎസ്എൻഎൽ എന്നിവിടങ്ങളിൽ നിന്ന്
ശബരിമല ഗെസ്റ്റ്ഹൗസ്, കൊപ്രാക്കളം, ട്രാക്ടർ റോഡ് വഴി കെഎസ്ഇബിപടി വഴി
പമ്പ.
പാണ്ടിത്താവളം വാച്ച് ടവർ, വാട്ടർ ടാങ്ക്, മാഗുണ്ട അയ്യപ്പ നിലയം
എന്നിവിടങ്ങളിൽ നിന്നുള്ളവർ അന്നദാനമണ്ഡപം പിൻവശം, പൊലീസ് ബാരക്ക്, ബെയ്‌ലി പാലം വഴി പമ്പ.

താഴെ തിരുമുറ്റത്തും വലിയ നടപ്പന്തൽ മധ്യഭാഗം എന്നിവിടങ്ങളിലുള്ളവർ നേരെ കെഎസ്ഇബിപടിക്കൽ എത്തി.
തിരുവാഭരണം ചാർത്തി 17-ാം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 18 ാം തീയതി
വരെയാണ് നെയ്യഭിഷേകം. 18 ന് മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള
എഴുന്നള്ളത്ത് നടക്കും 19 ന് രാത്രി 10 ന് മാളികപ്പുറത്ത് വലിയ ഗുരുതി 19ന്
രാത്രി നടയടയ്ക്കും വരെ ദർശനമുണ്ടാകും. 20 ന് പുലർച്ചെയാണ് തിരുവാഭരണ
പേടകം പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങുന്നത്. പേടകത്തെ യാത്രയാക്കിയ
ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്‌മാഭിഷേകം നടത്തി യോഗദണ്ഡും രുദ്രാക്ഷമാലയും
ധരിപ്പിച്ച് നടയടയ്ക്കും അതോടെ ഭഗവാൻ യോഗനിദ്രയിലാകുന്നുവെന്നാണ് വിശ്വാസം.

2 thoughts on “മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!