കൊച്ചി: ആധാർസേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യവുമാക്കാൻ യുഐഡിഎഐ നേരിട്ട് നടത്തുന്ന പുതിയ ആധാർസേവാകേന്ദ്രം എറണാകുളത്ത് പ്രവർത്തനസജ്ജമായി. പുതിയ മാതൃകയിൽ യുഐഡിഎഐ സംസ്ഥാനത്ത് ആരംഭിക്കുന്ന ആദ്യകേന്ദ്രമാണിത്. കച്ചേരിപ്പടിയിൽ ആരംഭിച്ച കേന്ദ്രം, കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു.കേന്ദ്രത്തിലെ ആദ്യ ആധാര്‍പ്രവര്‍ത്തനങ്ങള്‍ക്ക് യുഐഡിഎഐ തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസ് ഡയറക്ടര്‍ വിനോദ് ജേക്കബ് ജോൺ തുടക്കംകുറിച്ചു. ആദ്യ ടോക്കണ്‍ എറണാകുളം സ്വദേശി മാര്‍ക്ക് വില്‍സണ്‍ ഏറ്റുവാങ്ങി.യുഐഡിഎഐ ബംഗളൂരു റീജണല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി ആനി ജോയ്സി, ആധാര്‍ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രൊട്ടീന്‍ എന്ന സ്ഥാപനത്തിന്റെ സീനിയര്‍ മാനേജര്‍ റോയ് സാമുവേല്‍ തുടങ്ങിയവർ സംസാരിച്ചു. കച്ചേരിപ്പടി ആദായനികുതി ഓഫീസിനുസമീപം പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കൊച്ചേരി ചേംബേഴ്‌സിലാണ് ആധാര്‍ സേവാകേന്ദ്രം പ്രവർത്തിക്കുക.
