പോലീസിന്റെ നാലാമത്തെ ബാച്ച് നാളെ 17 ന് ചുമതലയേല്‍ക്കും

സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ ബാച്ച് നാളെ (ഡിസംബര്‍ 17) ചുമതലയേല്‍ക്കുമെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി.ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. രാവിലെ 9 മണിക്ക് പുതിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരിച്ച് നല്‍കും. ശാസ്താ ഓഡിറ്റോറിയത്തിലാണ് ബ്രീഫിംഗ് നടക്കുന്നത്. മൂന്നാംഘട്ടത്തില്‍ 1600 പോലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. 10 ദിവസമാണ് ഓരോ ബാച്ചിന്റെയും സേവന കാലാവധി. പുതുതായി ചുമതലയേല്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം പഴയ ബാച്ചിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് അവസരം നല്‍കും. പുതുതായി ചുമതലയേല്‍ക്കുന്നവര്‍ക്കൊപ്പം ഡ്യൂട്ടി ചെയ്ത ശേഷമായിരിക്കും പഴയ ബാച്ചിലുള്ളവര്‍ ഡ്യൂട്ടിയില്‍ നിന്ന് പിന്‍വാങ്ങുക. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് കുറവായിരുന്നു. തിങ്കളാഴ്ച മുതല്‍ തിരക്ക് വീണ്ടും വര്‍ധിച്ചതായി സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. മണ്ഡലകാലം ഒരു മാസം പിന്നിടുകയാണ്. വരുംദിവസങ്ങളിലും തിരക്ക് വര്‍ധിക്കാനാണ് സാധ്യത. തങ്കഅങ്കി ഘോഷയാത്രയും മണ്ഡലപൂജയും നടക്കുന്ന ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കും. ഇതു കണക്കിലെടുത്ത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരാതികളില്ലാതെ സുഗമ ദര്‍ശനം സാധ്യമാക്കുന്നതിനുള്ള നടപടികളാണ് പോലീസ് നടപ്പിലാക്കുന്നത്. കൊടിമരം, സോപാനം, മാളികപ്പുറം, പതിനെട്ടാംപടിക്ക് താഴെ, നടപ്പന്തല്‍, യു ടേണ്‍, ശരംകുത്തി, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, പാണ്ടിത്താവളം, കണ്‍ട്രോള്‍ റൂം എന്നിങ്ങനെ 11 ഡിവിഷനുകളായി തിരിച്ചാണ് സന്നിധാനത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്. ഡിവൈഎസ്പിമാര്‍ക്കാണ് ഓരോ ഡിവിഷന്റെയും ചുമതല. ആറുഘട്ടങ്ങളായാണ് സന്നിധാനത്ത് പോലീസിനെ വിന്യസിക്കുന്നത്. ഡിസംബര്‍ 19 മുതല്‍ 28 വരെയുള്ള കാലയളവില്‍ നാലാംഘട്ടവും 29 മുതല്‍ ജനുവരി 9 വരെ അഞ്ചാംഘട്ടവും ജനുവരി 9 മുതല്‍ 20 വരെ ആറാംഘട്ടവുമായാണ് പോലീസിനെ വിന്യസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!