ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനം. ശരംകുത്തി ആല്‍മരം മുതല്‍ താഴോട്ട് നടപ്പന്തല്‍ യു ടേണ്‍ വരെയാണ് പന്തല്‍. രണ്ട് സ്ഥലത്തായി ഏകദേശം ഒന്നേകാല്‍ കിലോമീറ്ററായിരിക്കും നീളം. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിന്റെ പന്തല്‍ നിര്‍മാണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ താല്‍ക്കാലിക പച്ച നിറത്തിലുള്ള വലയായിരുന്നു സ്ഥാപിച്ചിരുന്നത്. മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എരുമേലി- മുക്കുഴി- പമ്പ പാതയിലെ ഉള്‍വനത്തിലെ വിരികളില്‍ ഫയര്‍ ഓഡിറ്റ് നടത്തി മാത്രം നിര്‍മാണ അനുമതി നല്കാന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. വനപാതകളില്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കും. ളാഹ മുതല്‍ പമ്പ വരെ അപകടകരമായി നില്ക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റും. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് 104 ഓളം പന്നികളെ പിടികൂടി ഉള്‍വനത്തില്‍ വിട്ടിരുന്നു. ഈ തവണയും അതിനായി പ്രത്യേക സംഘമുണ്ടാകും. 24 മണിക്കൂറും എലിഫറ്റ് സ്ക്വാഡും പ്രവര്‍ത്തിക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയില്‍ അടിയന്തിരഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഹൃദ്രോഗ വിദഗ്ധരുടെയടക്കം സേവനം ഉണ്ടാകും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് തുടങ്ങിയ ആശുപത്രികളില്‍ ആന്റി വെനമടക്കം ലഭ്യമാക്കും.
മൈലപ്ര- മണ്ണാറക്കുളഞ്ഞി, മണ്ണാറുക്കുളഞ്ഞി- ചാലക്കയം- പമ്പ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഹമ്പുകള്‍, വളവുകള്‍ എന്നിവ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ അഞ്ച് ഭാഷകളിലായി സ്ഥാപിക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കിയോസ്കുകളില്‍ കുടിവെള്ളം ഉറപ്പാക്കും. പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തത്സമയ ജലനിരപ്പ് കാണിക്കുന്ന ഇലക്ടോണിക് ഡിസ്പ്ലെ സ്ഥാപിക്കുന്നത് പരിഗണനയിലാണ്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളില്‍ അഗ്നിശമന സേനയുടെ സേവനം ഉറപ്പുവരുത്തും. പന്തളത്ത് താല്‍ക്കാലിക ഫയര്‍ സ്റ്റേഷന് സ്ഥാപിക്കും. പമ്പയില്‍ സ്കൂബാ ഡൈവിംഗ് സേവനം ഉറപ്പാക്കും. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ വൈദ്യുതി ലൈനുകള്‍ എത്താത്ത സ്ഥലങ്ങളില്‍ താല്‍ക്കാലിക സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ തീര്‍ത്ഥാടകര്‍ക്ക് ക്യൂ സംവിധാനമുണ്ടാകും. പമ്പ ഹില്‍ടോപ്പില്‍ 20 കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പരിശോധിക്കും. റാന്നിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം ആരംഭിക്കും. ലഹരിക്കെതിരെ വിവിധ ഭാഷകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടന കാലയളവിലെ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക കടകളില്‍ പ്രദര്‍ശിപ്പിക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മയും വൃത്തിയും ഉറപ്പാക്കും. ദേവസ്വം ബോര്‍ഡുമായുള്ള ആശയവിനിമയത്തിന് പ്രധാനവകുപ്പുകള്‍ ലെയ്സണ്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ പൊലിസ് മേധാവി ആര് ആനന്ദ്, ഡെപ്യൂട്ടി കലക്ടര്‍ ആര് രാജലക്ഷ്മി, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

마사지 후 따뜻한 차 한 잔과 함께 편안하게 쉴 수 있는 공간이 있어서 좋았어요,