മാധ്യമങ്ങളുടെ തൊഴിലാളി ദ്രോഹം: സർക്കാർ നടപടി വേണം-കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: അന്യായമായ കൂട്ട പിരിച്ചുവിടലും തൊഴിലാളിദ്രോഹ നടപടികളുമായി നിയമങ്ങളെ ​പോലും വെല്ലുവിളിച്ചു നീങ്ങുന്ന മാധ്യമ മാനേജ്​മെന്‍റുകളെ കർക്കശമായി നേരിടാൻ സർക്കാർ തയാറാവണമെന്ന്​ കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമ മേഖലയിലെ അങ്ങേയറ്റം അപലപനീയമായ നീതി നിഷേധങ്ങൾക്കും തൊഴിലാളി ചൂഷണങ്ങൾക്കും നേരെ സർക്കാർ നിസംഗ സമീപനം തുടരുന്നതു അത്യന്തം ഖേദകരമാണ്​.

സീ മലയാളം ചാനലിൽ 12 മാധ്യമപ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുകയാണ്​. ശമ്പള കുടിശ്ശിക ആറു മാസവും പിന്നിട്ട്​ ആകെ അരക്ഷിതാവസ്ഥയിലായ മാധ്യമപ്രവർത്തകർ അടക്കം തൊഴിലാളികളെ എങ്ങനെയും പുകച്ചു പുറത്തുചാടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്​ വിദേശ എഡിഷനുകളടക്കം മുൻനിരയിൽ നിൽക്കുന്ന ‘മാധ്യമം’ മാനേജ്​മെന്‍റ്​.

വിവിധ വിഭാഗങ്ങളിലായി വർഷങ്ങളായി പണിയെടുത്തുവരുന്ന 12 പേരെയാണ്​ സീ മലയാളം ചാനൽ ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്കു പിരിച്ചുവിട്ടിരിക്കുന്നത്​. ചാനൽ മികച്ച നിലയിൽ മുന്നോട്ടുപോകുന്നതിനിടയിലാണ്​ ചെലവ്​ ചുരുക്കൽ എന്ന പേരിലുള്ള കൂട്ട പിരിച്ചുവിടൽ. അന്യായ നടപടി തിരുത്താൻ മാനേജ്​മെന്‍റ്​ തയാറായില്ലെങ്കിൽ ഭരണകൂടം അതിനു നടപടി സ്വീകരിക്കണം.

തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ്​ നടന്ന മന്ത്രി തല ചർച്ചയിലെ ഉറപ്പുകൾ പോലും ലംഘിച്ചാണു മാധ്യമം ​മാനേജ്​മെന്‍റ്​ മുന്നോട്ടുപോകുന്നത്​. പ്രശ്ന പരിഹാരത്തിന്​ തൊഴിൽ മന്ത്രി നിയോഗിച്ച ന്യൂസ്​പേപ്പർ ഇൻസ്​പെക്​ടറുടെ റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ തയാറായിട്ടില്ല. ശമ്പള കുടിശ്ശിക വർധിപ്പിച്ചു കൊണ്ടുവരുന്നതിനൊപ്പം ജീവനക്കാരെ പുകച്ചു പുറത്തുചാടിക്കാൻ മാനേജ്​മെന്‍റ്​ പുതിയ നീക്കം തുടങ്ങിയിരിക്കുന്നു എന്നറിയുന്നതും ആശങ്കാജനകമാണ്​. മുഖ്യമന്ത്രിയും തൊഴിൽ മന്ത്രിയും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന്​ യൂണിയൻ പ്രസിഡന്‍റ്​ കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!