ബൈക്കിൽ സഞ്ചരിച്ച കോളേജ് വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു,

മുക്കൂട്ടുതറ : ഇടകടത്തി റോഡിൽ മന്ദിരം പടിക്ക് സമീപത്തു വച്ച് , ഇന്നലെ രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച കോളേജ് വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടുപന്നി ബൈക്ക് കുത്തിമറിക്കുകയായിരുന്നു . മുക്കൂട്ടുതറ മന്ദിരം പടി കരോട്ടുപുതിയത്ത് സെബിൻ സജിയാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥിയാണ് സെബിൻ . ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷിൻ നിർമ്മിച്ചതിന്റെ പേരിൽ ഗിന്നസ് റെക്കോർഡ് നേടിയ വിദ്യാർത്ഥിയാണ് സെബിൻ സജി.

അപ്രതീക്ഷിത ആക്രമണത്തിൽ ബൈക്കിൽ നിന്നും താഴെവീണ സെബിന് പരിക്കുകൾ പറ്റിയെങ്കിലും ബൈക്ക് ഉപേക്ഷിച്ചു ഓടി മാറുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ സെബിൻ ആശുപത്രിയിൽ ചികിത്സ തേടി.

റോഡരികിൽ ഇരുട്ടത്ത്, വൈദ്യുതി പോസ്റ്റിന് പിന്നിൽ പമ്മി നിന്ന കാട്ടുപന്നി, അപ്രതീക്ഷിതമായി ബൈക്കിനു നേരെ കുതിച്ചെത്തുകയായിരുന്നു. സമീപത്ത് വൈദ്യുതി വഴിവിളക്കുകൾ ഇല്ലാതിരുന്നതിനാൽ , പന്നിയെ അടുത്ത് വന്നപ്പോഴാണ് കാണുവാൻ സാധിച്ചതെന്ന് സെബിൻ പറഞ്ഞു . അസാമാന്യ വലുപ്പമുള്ള പന്നിയായിരുന്നു ആക്രമിച്ചത് എന്നും സെബിൻ പറഞ്ഞു.

പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വളരെ കൂടുതലാണെന്നും, അപകടകാരിയായ ഈ വമ്പൻ കാട്ടുപന്നിയെ എത്രയും പെട്ടെന്ന് വെടിവെച്ചു കൊല്ലുവാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും സെബിൻ പറഞ്ഞു. ഈ വിഷയത്തിൽ പഞ്ചായത്തിനും, വനം വകുപ്പിനും , പോലീസിലും പരാതി കൊടുക്കുവാനാണ് സെബിന്റെ തീരുമാനം . അസാമാന്യ വലിപ്പമുള്ള ആ കാട്ടുപന്നി അപകടകാരിയാണെന്നും, അതുവഴി രാത്രി യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സെബിൻ മുന്നറിയിപ്പ് നൽകുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!