കോട്ടയം: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണത്തിനെതിരേ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ പലതും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവർ പറഞ്ഞു. ചങ്ങനാശ്ശേരി നഗരസഭാ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. കമ്മിഷനു മുൻപിൽ വരുന്ന പരാതികൾ തെളിയിക്കുന്നത് സ്ത്രീകൾ തൊഴിലിടങ്ങളിൽ പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നാണ്.
എട്ടുവർഷം പഠിപ്പിച്ചിരുന്ന സ്വകാര്യ കോളജ് അധികൃതർ മുന്നറിയിപ്പു നൽകാതെ ജോലി കരാർ അടിസ്ഥാനത്തിലാക്കിയതിനെതിരേ രണ്ട് അധ്യാപികമാർ വനിതാ കമ്മിഷനെ സമീപിച്ചു. കോളേജ് അധികൃതരോട് ഇതു സംബന്ധിച്ച് വനിതാ കമ്മീഷൻ വിശദീകരണം തേടി. മരിച്ചുപോയ ഭർത്താവിന്റെ പേരിലുള്ള സ്വത്തുക്കൾ വ്യാജരേഖ ചമച്ച് സഹോദരന്മാർ കൈവശപ്പെടുത്തിയെന്ന ഭാര്യയുടെയും മകളുടെയും പരാതിയിൽ റവന്യൂ അധികൃതർ സ്വീകരിച്ച നിലപാടിനെയും കമ്മിഷൻ വിമർശിച്ചു.
അദാലത്തിൽ ആകെ 70 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. ഇതിൽ ഒൻപതെണ്ണം തീർപ്പാക്കി. ഒരെണ്ണത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് തേടി. പുതിയ പരാതികളൊന്നും പരിഗണനയ്ക്ക് വന്നില്ല. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമ്മൻ മാത്യു, അഡ്വക്കേറ്റുമാരായ ഷൈനി ഗോപി, സി.കെ. സുരേന്ദ്രൻ, കമ്മിഷൻ സി.ഐ. ജോസ് കുര്യൻ എന്നിവരാണ് കേസുകൾ പരിഗണിച്ചത്.
ഫോട്ടോക്യാപ്ഷൻ:
ചങ്ങനാശേരി നഗരസഭാ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമ്മൻ മാത്യു എന്നിവർ പരാതികൾ കേൾക്കുന്നു.