ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി മൂന്നാര്‍ മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് ജലവിമാനമെത്തുന്നു

ഇടുക്കി: ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി 11 തിങ്കളാഴ്ച രാവിലെ 11 ന് മൂന്നാറിലെ മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിന്‍ താണിറങ്ങും. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ്‌റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.കെഎസ്ഇബിയുടെ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ നല്‍കുന്നത്. റോഡ് മാര്‍ഗ്ഗം കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കും.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകര്‍ഷണീയതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!