നെടുങ്കണ്ടം : ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ബാലപ്രതിഭ പുരസ്കാരം ഇടുക്കിക്കാരിയായ ദേവനന്ദ രതീഷിന്. കലാസാഹിത്യ മേഖലയില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്കുള്ള അവാര്‍ഡാണ് ഒമ്പതാം ക്ലാസുകാരിയെ തേടിയെത്തിയത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരള നടനം, നാടോടിനൃത്തം, കളരി, അഭിനയം, ചിത്രരചന തുടങ്ങിയവയിലെ മികവും സാമൂഹ്യ സേവനവും പരിഗണിച്ചാണ് പുരസ്കാരം. ഈ മാസം 15ന് വൈകീട്ട് ആറിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് സമ്മാനിക്കും.സംസ്ഥാന ശിശുമക്ഷേമ വകുപ്പിന്റെ ഉജ്വല ബാല പുരസ്കാരം, ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരം, മികച്ച ബാലതാര പുരസ്കാരം, സുഗതവനം ട്രസ്റ്റിന്റെ പുരസ്കാരം, ഋഷിമംഗലം കൃഷ്ണന്‍നായര്‍ പുരസ്കാരം, ശബ്ദ ഫൗണ്ടേഷന് പുരസ്കാരം, കലാഭവന്‍ മണി സേവന സമിതി പുരസ്കാരം, പ്രേംനസീര്‍ പുരസ്കാരംതുടങ്ങിയവ അടക്കം 350 ഓളം പുരസ്കാരങ്ങൾനേടിയിട്ടുണ്ട് ഈ 14കാരി. സിനിമകളിലും ടി.വി ഷോകളിലും വേഷമിട്ടിട്ടുണ്ട്.
കട്ടപ്പനക്കടുത്ത് പുളിയന്മലയില് ചുമട്ടുതൊഴിലാളിയായ വരിക്കാനിയില്‍ വി.ആര്. രതീഷിന്റെയും മായയുടെയും മകളായ ദേവനന്ദ കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. ദേവകൃഷ്ണ, ദേവദര്‍ശ് എന്നിവര്‍ സഹോദരങ്ങളാണ്.