കുരുമ്പന്‍മൂഴിയിൽ വീണ്ടും കാട്ടാനയിറങ്ങി

റാന്നി:കുരുമ്പന്‍മൂഴിയിൽ വീണ്ടും കാട്ടാനയിറങ്ങി. കാർഷിക വിളകൾക്ക് കനത്ത നാശം വരുത്തി. കുരുമ്പൻമുഴി, മണക്കയം പ്രദേശങ്ങളിലെ ജനവാസ മേഖലയിലാണ് കഴിഞ്ഞദിവസം ആന ഇറങ്ങിയത്. മണക്കയം പുതിയിടത്ത് അനൂപ് ഇമ്മാനുവേലിന്റെ വീട്ടിലും പുരയിടത്തിലുമാണ് തിങ്കളാഴ്ച രാത്രിയില്‍ കാട്ടാന നാശം വിതച്ചത്. വീട്ടില്‍ രാത്രിയില്‍ ആരുമുണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡ് തള്ളിവീഴ്ത്തി ഇതിനുള്ളിലുണ്ടായിരുന്ന വാഷിങ് മെഷീന്‍ തല്ലി തകര്‍ത്തു. വീടിന്റെ ഭിത്തിയ്ക്കും നാശനഷ്ടം വരുത്തി. തെങ്ങും റബറും അടക്കം കൃഷികളും നശിപ്പിച്ചു. രണ്ടാഴ്ചയിലേറെയായി വനാതിര്‍ത്തിയിലും പമ്പാ നദീ തീരത്തും താവളമാക്കിയിരിക്കുന്ന ഒറ്റയാന്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനാതിര്‍ത്തിയിലുള്ള വീട്ടിൽ പാതിരാത്രിക്ക് ശേഷമാണ് കാട്ടാനയിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. അനൂപും അമ്മയും ഭാര്യയും മകളുമാണ് ഇവിടെ താമസിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് അനൂപും കുടുംബവും  മുണ്ടക്കയത്തുള്ള ഭാര്യവീട്ടിലേക്ക് പോയിരുന്നു. വീടിന്റെ അടുക്കളയോട് ചേര്‍ന്ന് പടുത കൊണ്ട് വലിച്ചുകെട്ടിയുണ്ടാക്കിയ ഷെഡ്ഡാണ് ആന നശിപ്പിച്ചത്. വാഷിങ് മെഷീന്‍ തുമ്പിക്കൈക്കൊണ്ട് വലിച്ചെറിഞ്ഞ നിലയിലാണ്. അടുക്കള ഭാഗത്തെ ഭിത്തിയില്‍ പൊട്ടലും ഉണ്ടായിട്ടുണ്ട്. 20 ഓളം വാഴ, 12 കുരുമുളക് ചെടികള്‍, കായ്ക്കുന്നതടക്കം മൂന്ന് തെങ്ങ്, റബര്‍,കമുക് എന്നിവയൊക്കെ ഒറ്റയാന്‍ നശിപ്പിച്ചു.  രണ്ടാഴ്ചയായി ഒറ്റയാന്‍ സമീപ പ്രദേശങ്ങളിലുണ്ട്. വനത്തോട് ചേര്‍ന്ന മണക്കയം ഭാഗങ്ങളിലെ കൃഷകളിലേറെയും നശിപ്പിച്ചതിനാല്‍ പമ്പാ നദിയുടെ മറുകരയിലേക്കായിരുന്നു തീറ്റതേടി പോയിരുന്നത്. ആന ഇറങ്ങി തുടങ്ങിയതോടെ മറുകരയില്‍ ആള്‍ക്കാര്‍ രാത്രിയില്‍ സംഘടിച്ച് നില്‍ക്കാന്‍ തുടങ്ങി. ആന നദിയിലൂടെ അവിടേക്ക് തിരിച്ചാല്‍ ഇവര്‍ പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ഇതിനെ മറുകരയിലേക്ക് മടക്കും. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഒറ്റയാന്‍ വനാതിര്‍ത്തിയില്‍ നദീ തീരത്ത് തന്നെ മിക്ക സമയങ്ങളിലും ഉണ്ടായിരുന്നു. മണക്കയത്ത് നാശം വിതച്ചശേഷം ചൊവ്വാഴ്ച രാവിലെയും വനത്തോട് ചേര്‍ന്ന് നദീ തീരത്ത് ആന ഉണ്ടായിരുന്നു. നദിയുടെ ഈ ഭാഗം വനമാണ്. വനപാലകരും നാട്ടുകാര്‍ക്കൊപ്പം  പടക്കം പൊട്ടിച്ചും മറ്റും ആനയെ കാട്ടിലേക്ക് മടക്കിയ ശേഷം  തിരികെ പോകും. അധികം വൈകാതെ ആന വീണ്ടും എത്തുമെന്ന്‌ നാട്ടുകാർ പറഞ്ഞു.

error: Content is protected !!