അഞ്ചു വയസ്സും 15 വയസ്സും തികയുന്ന കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനായി ( മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ്) എറണാകുളം ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തൊട്ടാകെ പതിനൊന്ന് ലക്ഷത്തോളം കുട്ടികൾ ഇനിയും ആധാർ വിവരങ്ങൾ പുതുക്കാനുണ്ടെന്ന യു.ഐ.ഡി.എ.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2026 ഓഗസ്റ്റോടെ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ക്യാമ്പുകൾ പൂർത്തിയാക്കാനാണ് തപാൽ വകുപ്പ് ലക്ഷ്യമിടുന്നത്.
ജില്ലാ കളക്ടർ ജി പ്രിയങ്ക പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവ്വഹിച്ചു. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആധാർ ബോധവൽക്കരണ പോസ്റ്ററുകൾ കൈമാറിക്കൊണ്ടാണ് ജില്ലാ കളക്ടർ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചത്.
ഓരോ വിദ്യാലയത്തിലും ക്യാമ്പ് നടത്തുന്ന തീയതി തപാൽ വകുപ്പ് മുൻകൂട്ടി നിശ്ചയിച്ച് അധികൃതരെ അറിയിക്കും.
കാക്കനാട് ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, എറണാകുളം ഡിവിഷൻ തപാൽ സീനിയർ സൂപ്രണ്ട് സയ്യിദ് അൻസാർ, ആലുവ ഡിവിഷൻ തപാൽ സീനിയർ സൂപ്രണ്ട് ജിസ്സി ജോർജ് എന്നിവർ പങ്കെടുത്തു.
