യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2025-26 വർഷത്തെ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശാരീരിക – മാനസിക പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി മാറുകയും ചെയ്ത മൂന്ന് യുവപ്രതിഭകളാണ് പുരസ്കാരത്തിന്
അർഹരായത്. ഏഷ്യയിലെ ആദ്യത്തെ ‘ഹാൻഡ്സ്-ഫ്രീ’ വനിതാ ഡ്രൈവറായ ജിലുമോൾ മരിയറ്റ് തോമസ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശാരദാ ദേവി, ദേശീയ പഞ്ചഗുസ്തി താരം അമൽ ഇക്ബാൽ എന്നിവരാണ് ഈ വർഷത്തെ പുരസ്കാര ജേതാക്കൾ.
ഇരുകൈകളുമില്ലാതെ ജനിച്ചിട്ടും ഇച്ഛാശക്തിയോടെ അതിജീവനത്തിന്റെ പാതയിൽ
വിജയം വരിച്ച ഇടുക്കി തൊടുപുഴ സ്വദേശിനിയാണ് ജിലുമോൾ മരിയറ്റ് തോമസ്.
കാലുകൾ കൊണ്ട് എഴുതി പ്ലസ്ടുവും അനിമേഷൻ ബിരുദവും നേടിയ ജിലുമോൾ, ആറ്
വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കാലുകൾ കൊണ്ട് കാർ ഓടിച്ച്
ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയത്. 2025-ലെ കേരള ശ്രീ പുരസ്‌കാരവും
ജിലുമോൾക്ക് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിനിയായ ഡോ. ശാരദാ ദേവി വീൽചെയർ യൂസറും ഡിസബിലിറ്റി സ്റ്റഡീസ് ഗവേഷകയും ഭിന്നശേഷി അവകാശ പ്രവർത്തകയുമാണ്. ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശ സംരക്ഷണത്തിനും ബോധവൽക്കരണത്തിനുമായി അക്കാദമിക് തലത്തിലും പൊതുസമൂഹത്തിലും മികച്ച ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വമാണ് ഇവർ.
ഡോ. ശാരദയുടെ പോരാട്ടവീര്യം എസ്.സി.ഇ.ആർ.ടിയുടെ ഏഴാം ക്ലാസ്
പാഠപുസ്തകത്തിലും ഇടംപിടിച്ചിട്ടുണ്ട്.
പഞ്ചഗുസ്തിയിൽ ദേശീയതലത്തിൽ വെങ്കലവും സംസ്ഥാനതലത്തിൽ ഇരട്ട സ്വർണ്ണവും
നേടിയ മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് അമൽ ഇക്ബാൽ. മസ്‌കറ്റിൽ നടന്ന യു.എൻ മോഡൽ പാർലമെന്റിൽ ഔട്ട്‌സ്റ്റാന്റിംഗ് ഡിപ്ലോമസി അവാർഡ് കരസ്ഥമാക്കിയ അമൽ,
സെറിബ്രൽ പാൾസി ബാധിച്ചിട്ടും ഹിമാചലിലെ ബ്യാസ് നദിയും കണ്ണൂരിലെ
തേജസ്വിനി പുഴയും റിവർ റാഫ്റ്റിംഗിലൂടെ കീഴടക്കി വിസ്മയിപ്പിച്ചിട്ടുണ്ട്.
യുവജന കമ്മീഷൻ യുവപ്രതിഭ-യൂത്ത് ഐക്കൺ പുരസ്കാര വിതരണം മാർച്ച് 4-ന്
തിരുവനന്തപുരത്ത്  നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!