കൊച്ചി: അവിവാഹിതനായ ഒരാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒന്നാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വിധി പറയാൻ കോടതി മാറ്റി.നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ബലാത്സംഗാരോപണങ്ങളുന്നയിച്ച് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെയാണ് കോടതി ചില പരാമർശങ്ങൾ നടത്തിയത്. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്‌ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലാ കേസുകളും എഫ്‌ഐആർ ഘട്ടത്തിലാണല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമപരമായ നടപടിക്രമം അനുസരിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് മാത്രം പോരാ. കുറഞ്ഞപക്ഷം അന്തിമ റിപ്പോർട്ടെങ്കിലും ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉഭയസമ്മതത്തോടെയാണ് താൻ ബന്ധത്തിലേർപ്പെട്ടത് എന്നതാണ് അയാളുടെ പ്രതിരോധമെന്നും വാദിച്ചു. ഒരാൾക്ക് ഉഭയസമ്മതത്തോടെ എത്ര ബന്ധങ്ങൾ വേണമെങ്കിലും സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി മറുപടി നൽകി.