പൂഞ്ഞാറിൽ “ഇറക്കുമതി” ക്കാരെ മത്സരിപ്പിക്കരുതെന്ന് കോൺഗ്രസ്‌ പ്രാദേശിക നേതൃത്വം.

പൂഞ്ഞാർ : പരമ്പരാഗതമായി യു ഡി എഫിന്റെ ശക്തി കേന്ദ്രമായ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇത്തവണ ഇറക്കുമതി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കരുതെന്ന് കോൺഗ്രസ്‌ പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് യു ഡി എഫ് പൂഞ്ഞാറിൽ നേടിയത്. ഈ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ്‌ ദേശീയ നേതൃത്വം നടത്തിയ വിവിധ സർവേകളിൽ നിന്ന് വ്യക്തമായിട്ടുള്ളത്. ഈ അനുകൂല സാഹചര്യം പൂഞ്ഞാർ നിയോജക മണ്ഡലത്തിന് പുറമെ നിന്നുള്ള “ഇറക്കുമതി” സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചു ഇല്ലാതാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ കെ പി സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. അവസാന 5 നിയമസഭ തിരഞ്ഞെടുപ്പുകളിൽ 3 തവണയും യു ഡി എഫ് ഇറക്കുമതി സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്. മണ്ഡലവുമായി വ്യക്തി- രാഷ്ട്രീയ ബന്ധങ്ങൾ ഇല്ലാത്ത ജനകീയരല്ലാത്ത “പരദേശികൾ” മത്സരിച്ചതാണ് ഉറപ്പായ വിജയം യു ഡി എഫിന് മുൻ കാലങ്ങളിൽ നഷ്ട്ടമാക്കിയതെന്ന് പ്രാദേശിക നേതാക്കൾ ചൂണ്ടികാണിക്കുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിന് കീഴിലുള്ള മുഴുവൻ മണ്ഡലം പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, കോൺഗ്രസിന്റെ പഞ്ചായത്ത്‌ പ്രസിഡന്റുമാർ തുടങ്ങിയവർ ഒറ്റകെട്ടായാണ് “ഇറക്കുമതി” പരീക്ഷണം നടത്തരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടത്.കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം , രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ,കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ സ്ഥാനാർത്ഥിയുമായ അഡ്വ ടോമി കല്ലാനി ,ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ,യൂത്ത് കോൺഗ്രസ് നേതാവ് വസന്ത് എന്നിവരുടെയൊക്കെ പേരുകൾ ഉയർന്നു വന്നെങ്കിലും കെ എസ് യൂ ,യൂത്ത് കോൺഗ്രസ്സ് ജില്ലാ സംസ്ഥാന പദവികളിലൂടെ കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ മലപ്പുറം ജില്ലയുടെ ചാർജുകാരനും മുൻ ജില്ലാ പഞ്ചായത്ത് അംഗവും എരുമേലി സ്വദേശിയുമായ അഡ്വ പി എ സലീമിന്റെ പേരിനാണ് പൂഞ്ഞാറിൽ സ്ക്രീനിംഗ് കമ്മിറ്റിയുടെ പ്രഥമ പരിഗണയിൽ ഉള്ളതെന്നാണ് അറിയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!