ചെങ്ങന്നൂർ ∙ കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) അന്തരിച്ചു.
സംസ്കാരം നാളെ 14/012026 ബുധനാഴ്ച കല്ലിശ്ശേരി ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ നടക്കും . കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
രാജ്യസഭാംഗമായിരുന്നപ്പോൾ ബൊഫോഴ്സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത
പാർലമെന്ററി കമ്മിറ്റി ഉൾപ്പെടെ പാർലമെന്റിന്റെ വിവിധ കമ്മിറ്റികളിൽ
അംഗമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗമായും
പ്രവർത്തിച്ചു. കേരള കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കെഎസ്‌സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. കേരള കോൺഗ്രസിന്റെ പിളർപ്പിൽ കെ.എം. മാണിക്കൊപ്പം നിന്ന തോമസ് കുതിരവട്ടം 1976 മുതൽ 87 വരെ പാർട്ടിയുടെ ഓഫിസ് ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറിയും 1987 മുതൽ 90 വരെ വൈസ് ചെയർമാനുമായിരുന്നു. 1980ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. 1985–1991 കാലഘട്ടത്തിൽ കേരള കോൺഗ്രസ്(എം)ന്റെ രാജ്യസഭാംഗമായിരുന്നു.
ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്. മക്കൾ: ജൂണി തോമസ് (കേരള
കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം), റോണി തോമസ് (അഞ്ചൽ സെന്റ് ജോൺസ് കോളജ് അധ്യാപിക), ആനി തോമസ്, ടോണി കെ.തോമസ് (തിരുവൻവണ്ടൂർ പഞ്ചായത്ത് അംഗം). മരുമക്കൾ: അഡ്വ.ഷീന ജൂണി (കോയിക്കലേത്ത്, കോഴഞ്ചേരി), മഹേഷ് ഹരിലാൽ (ഫാഷൻ
ഫൊട്ടോഗ്രഫർ, തിരുവനന്തപുരം), സഞ്ജയ് എം.കൗൾ ഐഎഎസ് (എംഡി ആൻഡ് സിഇഒ,
ഗിഫ്റ്റ് സിറ്റി, അഹമ്മദബാദ്), ജിഷ ടോണി (കല്ലടാൽ, മാവേലിക്കര).