കൊച്ചി: മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസന്റെ മൃതദേഹം ടൗൺഹാളിലെ പൊതുദർശനം പൂർത്തിയാക്കി കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ പത്തിന് വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്, ഹൈബി ഈഡൻ എംപി തുടങ്ങി രാഷ്ട്രീയ പ്രമുഖർ ടൗൺഹാളിലെത്തി താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.