തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനദിവസമായ വെള്ളിയാഴ്ച 11 ചിത്രങ്ങൾ പ്രേക്ഷകർക്കു മുന്നിലെത്തും. പലസ്തീൻ സിനിമാവിഭാഗത്തിൽ ഷായ് കർമ്മേലി പൊള്ളാക്കിന്റെ ‘ദി സീ’ രാവിലെ 9.30-ന് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. 98-ാമത് ഓസ്‌കറിന് ഇസ്രായേലി എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ‘ദി സീ’.ചലച്ചിത്രമേളയിൽ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകൻ അബ്ദെർറഹ്മാൻ സിസാക്കോയുടെ ശ്രദ്ധേയ ചിത്രം ‘വെയ്റ്റിങ് ഫോർ ഹാപ്പിനസും’ പ്രദർശിപ്പിക്കും. സിക്സ് ഡേയ്‌സ് ഇൻ സ്പ്രിങ് ആണ് ലോക സിനിമാവിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്നതിൽ പ്രധാന ചിത്രം.
കാൻ ചലച്ചിത്രോത്സവത്തിന്റെ 50-ാമത് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം നേടിയ യൂസഫ് ഷഹീന്റെ പ്രശസ്ത ചിത്രം ‘കയ്റോ സ്റ്റേഷൻ’, വിയറ്റ്‌നാം യുദ്ധത്തിന്റെ അൻപതാം വാർഷികം അനുസ്മരിച്ച് കൺട്രി ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ ട്രിൻ ദിൻ ലെ മിൻ സംവിധാനം ചെയ്ത ‘വൺസ് അപ്പോൺ എ ലവ് സ്റ്റോറി’, ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ, പെറു സംവിധായകൻ ഫ്രാൻസിസ്‌കോ ജെ ലൊംബാർഡിയുടെ ‘ഇൻസൈഡ് ദി വുൾഫ്’’ എന്നിവയും വെള്ളിയാഴ്ചത്തെ പട്ടികയിലുണ്ട്.