കാനനപാതയിലൂടെയെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംയുക്ത പരിശോധന

സത്രം പുല്ലുമേട് കാനനപാത വഴി ശബരിമല സന്നിധാനത്തേക്കെത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ സന്നിധാനം മുതല്‍ പുല്ലുമേട് വരെയുള്ള പാതയില്‍ സംയുക്ത പരിശോധന നടത്തി. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന്‍ നായരുടെയും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം (17) രാത്രി പാണ്ടിത്താവളത്തില്‍ കാട്ടാന വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന്റെ മേല്‍ക്കൂരയും കൈവരികളും തകര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 18 ന് രാവിലെ കാനനപാതയില്‍ പരിശോധന നടത്തി പാതയില്‍ വന്യമൃഗങ്ങളുടെ ശല്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭക്തരെ കയറ്റിവിട്ടത്. രാവിലെ പാണ്ടിത്താവളത്തില്‍ നിന്നാരംഭിച്ച റൂട്ട് പരിശോധനാസംഘം 11 മണിയോടെ പുല്ലുമേട് പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി. തുടര്‍ന്ന് ഉപ്പുപാറയില്‍ തീര്‍ഥാടകരെ കടത്തിവിടുന്ന ചെക്ക് പോയിന്റിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സത്രം, ഉപ്പുപാറ, കഴുതക്കുഴി, പാണ്ടിത്താവളം എന്നിങ്ങനെ നാല് സെക്ഷനുകളാണ് സത്രം വഴിയുള്ള കാനനപാതയിലുളളത്. സത്രം, ഉപ്പുപാറ പോയിന്റുകളില്‍ പോലീസും വനം വകുപ്പുമാണ് തീര്‍ഥാടകരെ കയറ്റിവിടുന്നത്. ബാക്കി പോയിന്റുകളില്‍ സുരക്ഷാ ചുമതല പൂര്‍ണമായും വനം വകുപ്പിനാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, വാച്ചര്‍മാര്‍, എക്കോ ഗാര്‍ഡുകള്‍ തുടങ്ങിയവരാണ് സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്. വന്യമൃഗങ്ങളില്‍ നിന്ന് ഭക്തര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി റൈഫിളുകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. കാനന പാതയിലൂടെ എത്തുന്ന ഭക്തരുടെ സഹായത്തിന് ഫയര്‍ ഫോഴ്സിന്റെയും എന്‍ഡിആര്‍എഫിന്റെയും ദേവസ്വത്തിന്റെയും സ്ട്രെച്ചര്‍ സംഘവും സജ്ജമാണ്. പെരിയാര്‍ വെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള പമ്പ റേഞ്ചും അഴുത റേഞ്ച് ഉദ്യോഗസ്ഥരും യോജിച്ചാണ് കാനനപാത വഴിയുള്ള ഭക്തരുടെ തീര്‍ഥാടന യാത്രയിലെ സുരക്ഷ ഏകോപിപ്പിക്കുന്നത്.അഡീഷണല്‍ എസ് പി എ.പി. ചന്ദ്രന്‍, ഡിവൈഎസ്പി പ്രകാശന്‍ പി പടന്നയില്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!