ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ റീകൗണ്ടിങ് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി

കാഞ്ഞിരപ്പള്ളി :ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ റീകൗണ്ടിങ് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി പരാതി നൽകി ; കാഞ്ഞിരപ്പള്ളി കൗണ്ടിംഗ് സെന്ററിലെ തെറ്റ് തിരുത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ലീഡ് 135 ആയി കുറഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 വാർഡിൽ ( പട്ടിമറ്റം നോർത്ത് ) ഒന്നാം ബൂത്തിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ട് എണ്ണിയതിൽ പിഴവ് സംഭവിച്ചു എന്നത് ചൂണ്ടിക്കാണിച്ച് , റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി, ജില്ലാ കളക്ടർക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ബൂത്തിലെ വോട്ട് വീണ്ടും എണ്ണി തിട്ടപ്പെടുത്തി . ആകെ പോൾ ചെയ്ത വോട്ടും , സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടും തമ്മിൽ ചേരാതെ വന്നതോടെയാണ് പരിശോധന നടത്തിയത് . പോളിംഗ് സമയത്ത് ആ ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായപ്പോൾ, രണ്ടാമത്തെ ബാലറ്റ് മെഷീൻ ഉപയോഗിച്ചാണ് വോട്ടിങ് പൂർത്തീകരിച്ചത് . എന്നാൽ കൗണ്ടിംഗ് സമയത്ത്, ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്. അധികാരികളും ബൂത്ത് ഏജന്റുമാരും ആ വലിയ അബദ്ധം തിരിച്ചറിഞ്ഞില്ല . ആദ്യത്തെ ബാലറ്റ് മെഷീനിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും, തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും , ബിജെപി സ്ഥാനാർഥി കെ. വി. നാരായണന് 22 വോട്ടുമാണ് ലഭിച്ചത് . ജോളിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എണ്ണാതെ പോയ രണ്ടാമത്തെ ബാലറ്റ് മെഷീനിലെ വോട്ടുകൾ ഇന്ന് എണ്ണിയപ്പോൾ, ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും, തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും , ബിജെപി സ്ഥാനാർഥി കെ. വി. നാരായണന് 47 വോട്ടുകളും ബൂത്തിൽ നിന്നും ലഭിച്ചു . അതോടെ റീകൗണ്ടിങ് നടത്തിയപ്പോൾ പട്ടിമറ്റം ബൂത്തിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 228 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു . ഒരു ബൂത്തിലെ ലീഡ് തിരുത്തിയപ്പോൾ വിജയിച്ച സ്ഥാനാർത്ഥിയായ തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച ഭൂരിപക്ഷമായ 295 വോട്ടിൽ നിന്നും ലീഡ് 135 വോട്ടുകൾ ആയി കുറഞ്ഞു . ജില്ലാ പഞ്ചായത്തിന്റെ മറ്റ് കൗണ്ടിംഗ് സ്‌റ്റേഷനുകളായ വെളളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി പരാതി നൽകി. റീകൗണ്ടിങ് കഴിയുമ്പോൾ വിജയിക്കും എന്നാണ് പ്രതീക്ഷയെന്ന് ജോളി മടുക്കക്കുഴി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!