കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി. ആശുപത്രിയിലെ സി ബ്ലോക്കിലാണ് ശനിയാഴ്ച രാവിലെ 9:45 ഓടെ തീ പടർന്നത്. ഒമ്പതാം നിലയിലുള്ള എസി പ്ലാന്റിനാണ് തീ പിടിച്ചത്. അഗ്നിശമന സേന എത്തി മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യം ഒഴിവാക്കി തീ നിയന്ത്രണ വിധേയമാക്കി.താഴത്തെനിലകളിൽ രോഗികളുണ്ടായിരുന്നുവെങ്കിലും ഇവരെ ഒഴിപ്പിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പുതിയ ബ്ലോക്കിന്റെ ഒൻപതാം നിലയിലെ എസി പ്ലാന്റിനാണ് തീപ്പിടിച്ചത്. ഈ നിലയിൽ രോഗികളെ പാർപ്പിച്ചിരുന്നില്ല. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പുക കെടുത്തുന്നതിനുള്ള നടപടികൾ തുടരുകയാണ്. തീപ്പിടുത്തം എസി പ്ലാന്റിനായിരുന്നു എങ്കിലും, ഇതിന് തൊട്ടുതാഴെയുള്ള നിലകളിൽ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത രോഗികൾ ഉണ്ടായിരുന്നു. സർജറി അടക്കം കഴിഞ്ഞ രോഗികളെ മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും പ്രയാസമില്ലാതെ പൂർത്തിയാക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തീപ്പിടിത്തത്തെ തുടർന്ന് പുക താഴെയുള്ള നിലകളിലേക്ക് എത്താൻ തുടങ്ങിയതിനാൽ, ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്.
തീപടർന്നത് ആദ്യം ആശങ്ക സൃഷ്ടിച്ചെങ്കിലും കൃത്യമായ ഇടപ്പെടലിലൂടെ തീ അതിവേഗം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. ഫയർഫോഴ്സിന് സുഗമമായി സ്ഥലത്തേക്ക് എത്തുന്നതിനുവേണ്ടി റോഡുകളിൽ ഗതാഗത നിയന്ത്രണം അടക്കം ഏർപ്പെടുത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. തീ മറ്റുഭാഗങ്ങളിലേക്ക് പടരുന്നതും തടയാൻ കഴിഞ്ഞതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.