
സാനിട്ടറി
മാലിന്യം, റിജക്ട് മാലിന്യം എന്നിവ ശാസ്ത്രീയമായി
സംസ്കരിക്കുന്നതിലേക്കുള്ള പ്ലാന്റുകൾ നിർമിക്കുന്നതിന് വിവിധ
ഏജൻസികളുമായുള്ള ധാരണാപത്രവും ചുമതലാപത്രവും കൈമാറി.സംസ്ഥാനത്ത്
സാനിട്ടറി മാലിന്യങ്ങൾ പൂർണമായും കൈകാര്യംചെയ്യാനുള്ള പ്ലാന്റുകൾ
ആറുമാസത്തിനകം പൂർത്തിയാകുമെന്നും ഇതുൾപ്പെടെ സ്പെഷ്യൽ മാലിന്യങ്ങൾ
സംസ്കരിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ വൈകാതെ നിലവിൽവരുമെന്നും
തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു.കഴിഞ്ഞ ഏപ്രിലിൽ
തിരുവനന്തപുരത്ത് നടത്തിയ വൃത്തി കോൺക്ലേവിൽ നിക്ഷേപകസംഗമം
സംഘടിപ്പിച്ചിരുന്നു. അന്ന് ലഭിച്ച നിക്ഷേപവാഗ്ദാനങ്ങൾ പ്രവൃത്തിയിലേക്ക്
വരികയാണ്. അതിന്റെ ഭാഗമായാണ് സാനിട്ടറിമാലിന്യപ്ലാന്റുകൾ സ്ഥാപിക്കാൻ ക്ലീൻ
കേരള കമ്പനിയും ശുചിത്വമിഷനും ചേർന്ന് ഏജൻസികളെ തെരഞ്ഞെടുത്ത് നടപടി
സ്വീകരിച്ചത്. 100 ടൺ സാനിട്ടറിമാലിന്യം കൈകാര്യം ചെയ്യാനുള്ള
പ്ലാന്റുകളാണ് വരുന്നത്. കേരള സംസ്ഥാനത്ത് ദിനംപ്രതി ഉണ്ടാകുന്ന സാനിട്ടറി
നാപ്കിന്‍, കുട്ടികളുടെയും, മുതിർന്നവരുടെയും കിടപ്പുരോഗികളുടെയും
ഡയപ്പറുകള്‍ ഉൾപ്പെടെ സാനിറ്ററി മാലിന്യം മുഴുവനും ശാസ്ത്രീയമായി
സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകളാണ് ഇതിന്റെ ഭാഗമായി വരുന്നത്. ഈ
സർക്കാറിന്റെ കാലാവധി അവസാനിക്കുമ്പോൾ തന്നെ മിക്കവാറും പ്ലാന്റുകളുടെ പണി
പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.ഇത്തരത്തിൽ പൂർണ്ണമായും
സാനിറ്ററി മാലിന്യം കൈകാര്യം ചെയ്യുന്ന സംരംഭം ഇന്ത്യയിൽ
ആദ്യത്തേതാണ് 720 ടൺ റിജക്ട് മാലിന്യങ്ങൾ പ്രതിദിനം ശാസ്ത്രീയമായി
സംസ്കരിക്കാൻ വഴിയൊരുക്കുന്ന 14 ആർ.ഡി.എഫ് പ്ലാന്റുകളും ആറുമാസത്തിനകം
നിലവിൽ വരും. സംസ്ഥാനത്ത് മാലിന്യത്തിൽ നിന്നും ഊർജ്ജം ഉത്പ്പാദിപ്പിക്കാൻ
കഴിയുന്ന പ്രതിദിനം 500 ടൺ സംസ്കരണ ശേഷിയുള്ള വേസ്റ്റ് ടു എനർജി പ്ലാന്റ്
നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
ഇതോടുകൂടി കേരളത്തിന്റെ റിജക്ട് മാലിന്യ സംസ്കരണത്തിനായി അന്യ-സംസ്ഥാനങ്ങളെ
ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് സാധിക്കും.പ്ലാന്റ്
സ്ഥാപിക്കുന്നതിന് ട്രാൻസാക്ഷൻ അഡ്വൈസറായി നിയോഗിക്കപ്പെട്ട
ഏണസ്റ്റ് & യംഗിന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്
ചുമതലാപത്രം കൈമാറി. ദിനംപ്രതി 20 ടൺ സാനിട്ടറിമാലിന്യം കൈകാര്യം
ചെയ്യാനുള്ള 4 പ്ലാന്റുകളാണ് മേഖലാ അടിസ്ഥാനത്തിൽ
കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലായി വരുന്നത്. ഇതോടെ
സാനിട്ടറി മാലിന്യ സംസ്കരണ രംഗത്തെ പ്രശ്നങ്ങൾ പൂർണ്ണമായും
പരിഹരിക്കപ്പെടും. നിലവിൽ ഈ സേവനത്തിന് നൽകേണ്ടി വരുന്ന യൂസർ ഫീയിൽ ഗണ്യമായ
കുറവ് വരുത്താൻ ഈ പദ്ധതി നടപ്പിലാക്കുക വഴി സാധിക്കുന്നതാണ്.
പ്രിതിദിനം 80 ടൺ സാനിട്ടറി മാലിന്യം സംസ്കരിക്കുന്നതിന് മരിദി ബയോ
ഇൻഡസ്ട്രീസുമായും ബയോട്ടിക് വേസ്റ്റ്-ആക്രി ഇംപാക്ട് എന്നിവർ ചേർന്ന
കൺസോർഷ്യവുമായുമുള്ള ധാരണാപത്രം ക്ലീൻകേരള കമ്പനിക്ക് കൈമാറി. ഇത്തരത്തിൽ
നിർമ്മിക്കപ്പെടുന്ന മാലിന്യ സംസ്കരണ പ്ലാന്റുകൾ എല്ലാംതന്നെ പൊതു-സ്വകാര്യ
പങ്കാളിത്തത്തോടുകൂടിയായതിനാൽ സർക്കാരിന്റെ സാമ്പത്തിക ഭാരം
ലഘൂകരിക്കപ്പെടും.തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
ടി.വി. അനുപമ, പൊല്യൂഷൻ കൺട്രോൾ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകല, തദ്ദേശ
സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ സന്ദീപ് കെ. ജി. ക്ലീൻ കേരള കമ്പനി
മാനേജിങ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ, ശുചിത്വമിഷൻ ഡയറക്ടർമാരായ ഗംഗ ആർ.
എസ്., നീതുലാൽ എന്നിവർ സംബന്ധിച്ചു.