മോൻത കരതൊടുന്നു, കേരളത്തിൽ മഴ കനക്കുന്നു

അമരാവതി : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിന്റെയും കിഴക്കൻ-മദ്ധ്യ അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും ഫലമായി കേരളത്തിൽ മഴ ശക്തമാകുന്നുവെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് അടുത്ത മൂന്ന്‌ മണിക്കൂർ നേരത്തേയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും വകുപ്പ് അറിയിച്ചു.

തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. മുൻ കൂട്ടി നിശ്ചയിച്ച പരീക്ഷകൾ, അഭിമുഖങ്ങൾ, ജില്ലാ ശാസ്‌ത്രമേളകൾ എന്നിവയിൽ മാറ്റം ഉണ്ടാകില്ലെന്നും കളക്‌ടർ അറിയിച്ചിട്ടുണ്ട്.

One thought on “മോൻത കരതൊടുന്നു, കേരളത്തിൽ മഴ കനക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!