ശബരിമല: ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ തുടരുന്നതിനാൽ തീർഥാടകരുടെ പമ്പാ സ്നാനത്തിന് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തി.
മിഥുമാസം ഒന്നാം തീയതിയായ ഞായർ പുലർച്ചെ മുതൽ സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീർഥാടകർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ തീർഥാടകർ ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. മിഥുന മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്‌ച്ച വൈകിട്ടാണ് തുറന്നത്. പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടയടയ്‌ക്കും.
