വൃക്ഷവത്കരണ ക്യാമ്പയിനില്‍ പങ്കാളികളാകാന്‍ സ്വകാര്യ നഴ്‌സറികളും-ഫലവൃക്ഷത്തൈകള്‍ വിദ്യാര്‍ഥികള്‍ക്ക് വിലകുറച്ചു നല്‍കും

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘ഒരു തൈ നടാം’ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുനടത്തുന്ന ‘ചങ്ങാതിക്ക് ഒരു മരം’ പദ്ധതിയിലേക്ക് ജില്ലയിലെ സ്വകാര്യ നഴ്‌സറികള്‍ ഫലവൃക്ഷത്തൈകള്‍ വിലക്കിഴിവില്‍ നല്‍കും. മികച്ച തൈ ഉല്‍പാദകരായ തിരഞ്ഞെടുക്കപ്പെട്ട നഴ്‌സറി പ്രതിനിധികളുമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  സ്‌കൂളില്‍ നിന്ന് വിതരണം ചെയ്യുന്ന ഡിസ്‌കൗണ്ട് കൂപ്പണ്‍ കൈമാറി, ലിസ്റ്റ് ചെയ്തിട്ടുള്ള നഴ്‌സറികളില്‍ നിന്ന് ഒരു കുട്ടിക്ക് 25 മുതല്‍ 30 ശതമാനം വരെ കിഴിവില്‍ ഒരു തൈ വാങ്ങാം. ഇതിനുപുറമേ ജൂലൈ 31 വരെ 10 ശതമാനം കിഴിവോടെ വൃക്ഷത്തൈകള്‍ നല്‍കുന്നതിനും നഴ്‌സറി ഉടമകളുടെ പ്രതിനിധികള്‍ സന്നദ്ധത അറിയിച്ചു. നവകേരളം കര്‍മ്മ പദ്ധതി, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.എസ.് ഷൈന്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.വി. സുഭാഷ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
 ജൂണ്‍ 12ന് വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ നവകേരളം മിഷന്‍ ജില്ലാ ഓഫീസില്‍ സമ്മതപത്രം സമര്‍പ്പിക്കുന്ന നഴ്‌സറികളെ പട്ടികയില്‍ ഉള്‍പ്പെടുത്തും. kottayamnavakeralam@gmail.com എന്ന ഇ-മെയിലിലൂടെയും സമ്മതപത്രം അറിയിക്കാം. (ഫോണ്‍: 9446365864)

 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ കൂട്ടുകാര്‍ക്ക് വൃക്ഷത്തൈകള്‍ പരസ്പരം കൈമാറുന്ന ചങ്ങാതിക്കൊരു മരം പരിപാടി ജൂണ്‍ 25 നാണ് നടത്തുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികളെ ഈ പരിപാടിയില്‍ പങ്കാളികളാക്കി സംസ്ഥാനത്തൊട്ടാകെ രണ്ടു ലക്ഷം വൃക്ഷത്തൈകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയില്‍ നടും. ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകള്‍ ആണ് വച്ചുപിടിപ്പിക്കുക. ക്യാമ്പയിന്‍ സെപ്റ്റംബര്‍ 30ന് സമാപിക്കും.
യോഗത്തില്‍ വിവിധ നഴ്‌സറികളെ പ്രതിനിധീകരിച്ച് േേജ്യാതിഷ് കൃഷ്ണന്‍,ജോര്‍ജ് കെ. ചാക്കോ, ജോര്‍ജ് ജോസഫ്,ജി.അഖില്‍, സി. ശിവന്‍,മണി ടി. തങ്കച്ചന്‍, എബി ഫിലിപ്പ്, ജെസ്സി തോമസ്,മാനുവല്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!