ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക്കരുതലായി മലനാട് മില്‍ക്ക്

മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് പുരസ്‌കാരം റീജ ബിന്‍സിന്

പാറത്തോട്: ശുദ്ധമായ ഭക്ഷണം സാധാരണക്കാരന്റെ അവകാശമാണെന്നും അതില്‍ നിന്ന് ജീവിതമാര്‍ഗം കണ്ടെത്തുക കര്‍ഷകന്റെ അവകാശമാണെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍. മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും ഫാ. മാത്യു വടക്കേമുറിയില്‍ മെമ്മോറിയല്‍ അവാര്‍ഡുകളുടെ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയിലൂടെ ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് നിരവധി പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഉല്‍പ്പാദകന് സമൃദ്ധിയും ഉപഭോക്താവിന് സംതൃപ്തിയും ഉണ്ടാവുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം. പാലിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് വേനല്‍ക്കാല ഇന്‍സെന്റീവായി കിലോയ്ക്ക് 15 രൂപ വരെ നല്‍കും. ക്യാറ്റില്‍ പോപ്പുലേഷന്‍ വര്‍ധിപ്പിക്കുന്നതിനായി കന്നുകുട്ടി പരിപാലന പദ്ധതിയും കന്നുകാലികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്‍ഷ്വറന്‍സ് പദ്ധതിയും ഈ വര്‍ഷവും തുടരും. സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് സംഘങ്ങളിലൂടെ കാലിത്തീറ്റ വിതരണം ചെയ്യും. അഡ്വാന്‍സ്ഡ് ഫോഡര്‍ കള്‍ട്ടിവേഷന്‍ പദ്ധതിപ്രകാരം നവീന പുല്‍വിത്തുകള്‍ കര്‍ഷകരിലെത്തിക്കുമെന്നും സംഘങ്ങള്‍ക്ക് മൂന്നു ലക്ഷം കിലോയോളം കാലിത്തീറ്റ പകുതി വിലയ്ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. വര്‍ഗീസ് കുളമ്പള്ളില്‍, ഡോ. പി.വി. മാത്യു പ്ലാത്തറ, പ്രഫ. സാലിക്കുട്ടി തോമസ്, ജയകുമാര്‍ മന്നത്ത്, ബേബി സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ….
മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സമീപം.

പാറത്തോട്: മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ഒരു ലക്ഷം രൂപ സമ്മാനതുക ലഭിക്കുന്ന ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് പുരസ്‌കാര്‍ കൊച്ചറ കണയങ്കല്‍ റീജ ബിന്‍സിന്. 21 പശുക്കളും 10 കന്നുകുട്ടികളും ഉള്‍പ്പെടെ 31 കന്നുകാലികളെ വളര്‍ത്തുന്ന റീജ കഴിഞ്ഞ വര്‍ഷം 88,197 കിലോ പാല്‍ മലനാട് മില്‍ക്കിനു നല്‍കി. ഭര്‍ത്താവ് ബിന്‍സ് ഇമ്മാനുവേല്‍ കണയങ്കലും മക്കളായ ജെറിന്‍, മെറിന്‍, എറിന്‍ എന്നിവരും റീജയോട് ഒപ്പം നിന്നു കരുത്തു പകരുന്നു.

75,000 രൂപ സമ്മാനതുകയുള്ള മലനാട് ക്ഷീരശ്രീ രജത് പതക് പുരസ്‌കാറിന് അര്‍ഹനായത് കടുക്കാസിറ്റി ചരട്ടവയലില്‍ ബാബു ജോസഫാണ്. 16 പശുക്കളും മൂന്ന് കന്നുകുട്ടികളും ഉള്‍പ്പെടെ 19 കന്നുകാലികളെ വളര്‍ത്തുന്ന ബാബു ജോസഫ് കഴിഞ്ഞവര്‍ഷം 51,298 കിലോ പാല്‍ മലനാട് മില്‍ക്കിനു നല്‍കി. ഭാര്യ മോളമ്മ. മക്കള്‍- മിന്റു, മിലന്‍.

50,000 രൂപ സമ്മാനതുകയുള്ള മലനാട് ക്ഷീരശ്രീ കാന്‍സി പതക് പുരസ്‌കാര്‍ നെറ്റിത്തൊഴു വയലാറ്റുപുത്തന്‍പുരയ്ക്കല്‍ റെജി കുര്യനാണ് ലഭിച്ചത്. 16 പശുക്കളും മൂന്നു കന്നുകുട്ടികളും ഉള്‍പ്പെടെ 19 കന്നുകാലികളെ വളര്‍ത്തുന്ന ഇദ്ദേഹം 70,423 കിലോ പാല്‍ മലനാട് മില്‍ക്കില്‍ അളന്നു. ഡെസ്സിയാണ് ഭാര്യ. മക്കള്‍ – എബിന്‍ മരിയ, ലിബിന മരിയ.

മലനാട് ക്ഷീരശ്രീ നക്ഷത്ര പതക് ജേതാക്കളായ 10 പേര്‍ക്ക് 25000 രൂപ വീതം സമ്മാനമായി ലഭിച്ചു. ശ്രീ. ബേബി സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍ (മുരിക്കടി), സി.സി. കുര്യന്‍ ചാത്തന്‍പാറ (ചെല്ലാര്‍കോവില്‍), വര്‍ഗീസ് കെ.ജെ. കൂവക്കുന്നേല്‍ (വെസ്റ്റ് പാറ), ലാലിച്ചന്‍ കുര്യാക്കോസ് പെരിയോട്ട് (റോസ് നഗര്‍), റിറ്റു സിബി തകടിയേല്‍ (പത്തുവളവ്), ജൂലിയറ്റ് ജോസഫ് പാണ്ടിയപ്പള്ളില്‍ (ചെങ്ങളം), സഹദേവന്‍ ഗുരുകൃപ (കൊച്ചറ), സുനില്‍കുമാര്‍ പൂവത്തുംമൂട്ടില്‍ (വെള്ളയാംകുടി), അനിതാ മഹേഷ് പാലക്കാട്ടുതെക്കേതില്‍ (സ്‌നേഹഗിരി), വര്‍ഗീസ് ചാക്കോ പൊന്‍പുഴ (അണക്കര) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
അവാര്‍ഡുകള്‍ മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വിതരണം ചെയ്തു.
ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് മില്‍ക്ക് വിദ്യാശ്രീ പുരസ്‌കാറിന് അര്‍ഹയായ പ്ലസ്ടുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ കുട്ടിക്ക് 25000 രൂപയും പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഒമ്പതു പേര്‍ക്ക് 10000 രൂപ വീതവും ക്യാഷ് അവാര്‍ഡ് നല്‍കി. മികച്ച സംഘങ്ങള്‍ക്കുള്ള എവറോളിംഗ് ട്രോഫിയും, ക്ഷീര കര്‍ഷകര്‍ക്കുള്ള വേനല്‍ക്കാല ഇന്‍സെന്റീവും യോഗത്തില്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!