കോട്ടയം: 208 വർഷം പിന്നിട്ട കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. അഞ്ജു സൂസൻ ജോർജ് ചുമതലയേറ്റു. ഒരു വർഷം മുൻപ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജായി അവർ ചുമതല ഏറ്റെടുത്തിരുന്നു. കേരളത്തിലെ ആദ്യ കോളേജാണ് കോട്ടയം സിഎംഎസ് കോളേജ്.
2007-ൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് അഞ്ജു സൂസൻ ജോർജ് സിഎംഎസ് കോളേജിൽ ചേർന്നത്. ചെന്നൈ ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദപഠനവും സ്റ്റെല്ല മേരീസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. അഞ്ജു, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിൽ നേടിയിട്ടുണ്ട്.
കേരള സർവകലാശാലയിൽനിന്ന് ഓട്ടിസം സ്റ്റഡീസിൽ പിഎച്ച്ഡി നേടി. വൈകല്യ പഠനങ്ങളെക്കുറിച്ചുള്ള അവരുടെ കൃതികൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസോസിയേറ്റും സിഎംഎസ് കോളേജിലെ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമാണ്
