വൈക്കം മഹാദേവക്ഷേത്രത്തിൽ കോടി അർച്ചനയും വടക്കുപുറത്തു പാട്ടും: അവലോകനയോഗം ചേർന്നു

വാർത്താക്കുറിപ്പ് 4
2025 മാർച്ച് 15
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം


വൈക്കം മഹാദേവക്ഷേത്രത്തിൽ കോടി അർച്ചനയും വടക്കുപുറത്തു പാട്ടും: അവലോകനയോഗം ചേർന്നു

കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന കോടി അർച്ചനയും വടക്കുപുറത്തു പാട്ടും മഹോത്സവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ ദേവസ്വം-തുറമുഖ- സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ ചേർന്ന അവലോകനയോഗം നിർദേശിച്ചു. ചടങ്ങുകൾ വിവിധ സർക്കാർ വകുപ്പുകളുടെയും വടക്കുപുറത്തു പാട്ടു കമ്മറ്റിയുടെയും ക്ഷേത്രഭാരവാഹികളുടെയും ഒത്തൊരുമിച്ച പ്രവർത്തനത്തിലൂടെ പിഴവുകളില്ലാതെ നടത്തണമെന്നു ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു.
 മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെയാണ് മഹോത്സവം. വകുപ്പുകളുടെ ഏകോപനത്തിനു റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്ത് കൺട്രോൾ റൂം പ്രവർത്തിക്കും. ക്ഷേത്രപരിസരത്തും സമീപ റോഡുകളിലും കൂടുതൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. കൂടുതൽ പോലീസ് സേനയെ നിയോഗിക്കും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങായതിനാൽ ട്രാഫിക് സംവിധാനവും ജനക്കൂട്ടം നിയന്ത്രിക്കാനും പ്രത്യേകസംവിധാനം ഒരുക്കണം. ലഹരി ഉപയോഗം തടയാൻ ഷാഡോ പോലീസിന്റെയടക്കം സഹായത്തോടെ പരിശോധനകൾ ഊർജ്ജിതമാക്കും. വൈദ്യുതി വിതരണം ഉറപ്പാക്കാൻ കൺട്രോൾ റൂമും അധികസംവിധാനങ്ങളും കെ.എസ്.ഇ.ബി. ഒരുക്കും. ക്ഷേത്രത്തിനകത്തും പുറത്തും മെഡിക്കൽ എയ്ഡ് പോസ്റ്റുണ്ടാകും. 108 ആംബുലൻസ് സേവനവും കൂടുതൽ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി.
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. വേനൽകൂടി പരിഗണിച്ച് കൂടൂതൽ കുടിവെള്ള ലഭ്യത വാട്ടർ അതോറിട്ടി ഉറപ്പാക്കണം. രാത്രി വൈകി യും ക്ഷേത്രചടങ്ങുകൾ നീണ്ടു പോകുന്നതിനാൽ   ബസ് സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തണം. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്നു കൂടുതൽ ഭക്തർ എത്തുന്നതിനാൽ ജലഗതാഗത സൗകര്യവും കൂടുതൽ മെച്ചപ്പെടുത്തണം. ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും അളവുതൂക്കവിഭാഗവും ചേർന്ന് ഭക്ഷണശാലകളിൽ പരിശോധന നടത്തും. നഗരസഭ ശുചിത്വമിഷനുമായി കൂടിച്ചേർന്ന് മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതി തയാറാക്കണമെന്നും മന്ത്രി നിർദേശിച്ചു.
യോഗത്തിൽ സി.കെ ആശ എം.എൽ.എ., ജില്ലാ കളക്ടർ ജോൺ വി സാമുവൽ, നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, വൈസ് ചെയർമാൻ പി.ടി സുഭാഷ്, പാലാ ആർ.ഡി.ഒ: ദീപ , വൈക്കം തഹസിൽദാർ എ.എൻ ഗോപകുമാർ, വടക്കുപുറത്ത് പാട്ട് കമ്മറ്റി പ്രസിഡന്റ് അഡ്വ. എസ് സുധീഷ് കുമാർ, ജനറൽ സെക്രട്ടറി പി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ-

വൈക്കം മഹാദേവക്ഷേത്രത്തിലെ കോടി അർച്ചനയും വടക്കുപുറത്തു പാട്ടും മഹോത്സവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിൽ ദേവസ്വം-തുറമുഖ- സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!