തിരുവനന്തപുരം : 2025 മാർച്ച് 14
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ആഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) 2025 മെയ് 1- 4 വരെ മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ വെച്ച് നടക്കും. ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രെയിലർ നിർമാണ മത്സരമായ നെറ്റ്ഫ്ലിക്സ് ഫണ്ട് ഫോർ ക്രിയേറ്റീവ് ഇക്വിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘അൺലോക്കിംഗ് ക്രിയേറ്റിവിറ്റി’, കഴിവുറ്റ ചലച്ചിത്ര പ്രവർത്തകരെ പ്രചോദിപ്പിക്കുന്നതിനും സജ്ജരാക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു മത്സരമാണ്. നെറ്റ്ഫ്ലിക്സിന്റെ വിപുലമായ ലൈബ്രറിയിൽ നിന്ന് ആകർഷകമായ ട്രെയിലറുകൾ സൃഷ്ടിക്കാനുള്ള അവസരം ഈ അതുല്യ സംരംഭം വിദ്യാർത്ഥികൾക്ക് നൽകുന്നു.
വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പരിശീലന സെഷനുകളിലൂടെ, പങ്കെടുക്കുന്നവർക്ക് കഥപറച്ചിൽ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ എന്നിവയിൽ അറിവ് നേടാൻ സാധിക്കും. ഇതോടൊപ്പം, ഉയർന്ന നിലവാരമുള്ള ട്രെയിലറുകൾ നിർമ്മിക്കുന്നതിന് അവരെ സജ്ജരാക്കും. വെറുമൊരു മത്സരത്തേക്കാൾ, ‘അൺലോക്കിംഗ് ക്രിയേറ്റിവിറ്റി’ മെന്റർഷിപ്പും പ്രായോഗിക അനുഭവവും വാഗ്ദാനം ചെയ്യുന്നു.
മികച്ച പങ്കാളികൾക്ക് വിലയേറിയ പ്രതികരണങ്ങളും അംഗീകാരവും ലഭിക്കും, കൂടാതെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉണ്ടാകും.
യോഗ്യതയും വിധിനിർണ്ണയ മാനദണ്ഡവും: വീഡിയോ എഡിറ്റിംഗ്, ചലച്ചിത്ര നിർമ്മാണം, കണ്ടൻ്റ് ക്രിയേഷൻ എന്നിവയിൽ അതീവ താത്പര്യമുള്ള വിദ്യാർത്ഥികൾക്കും അഭിനിവേശമുള്ള ചലച്ചിത്ര പ്രവർത്തകർക്കുമായാണ് മത്സരം. പങ്കെടുക്കുന്നവർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. രജിസ്ട്രേഷൻ സൗജന്യമാണ്.
സർഗ്ഗാത്മകത, സാങ്കേതിക നിർവ്വഹണം, സമഗ്രത എന്നിവയെ അടിസ്ഥാനമാക്കി ചലച്ചിത്ര വിദഗ്ധരുടെ ഒരു പാനൽ ട്രെയിലറുകൾ വിലയിരുത്തും. സ്ക്രീനിംഗ് പ്രക്രിയ ഒന്നിലധികം റൗണ്ടുകളിലായി നടക്കും. പങ്കെടുക്കുന്നവർക്ക് അവരുടെ സൃഷ്ടികൾ പരിഷ്ക്കരിക്കാൻ സഹായിക്കും വിധം വിവിധ ഘട്ടങ്ങളിൽ പ്രതികരണങ്ങളും ലഭിക്കും.
ട്രെയിലർ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മാർച്ച് 21
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://waves.ficci.in/