കണ്ണൂർ : പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂർ പൊയിലൂർ മുത്തപ്പൻ മടപ്പുര ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം.
ഉത്സവത്തിനിടെ ഷൈജുവടക്കം അഞ്ച് ബിജെപി പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷൈജുവിന് വെട്ടേൽക്കുകയും മറ്റ് നാല് ബി.ജെ.പി പ്രവർത്തകർക്ക് മർദനമേൽക്കുകയുമായിരുന്നു. ഷൈജുവിന് തലയ്ക്കാണ് പരിക്കേറ്റത്. ഷൈജു അപകടനില തരണം ചെയ്‌തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കൂടുതൽ ഇടങ്ങളിലേക്ക് സംഘർഷങ്ങൾ വ്യാപിക്കാതിരിക്കാൻ പോലീസ് ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്.