പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നുതന്നെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കിയതോടെ എസ്ഡിപിഐ നിരോധനത്തിനുള്ള സാധ്യതകള്‍ ശക്തമായി. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ പരിശോധനകള്‍ നടത്തും. പിഎഫ്‌ഐയെ നിരോധിക്കാന്‍ ബാധകമായ എല്ലാ കാരണങ്ങളും എസ്ഡിപിഐക്കും ബാധകമാണെന്നാണ് ഇ.ഡി വിശദീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെച്ച് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തതും രാഷ്‌ട്രീയ പാര്‍ട്ടിയെന്ന പദവി ദുരുപയോഗം ചെയ്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെതിരായ കേന്ദ്രനടപടികളുടെ ഭാഗമാണ്.

ദുരൂഹമായ വിവിധ അക്കൗണ്ടുകളിലൂടെ പിഎഫ്‌ഐയില്‍ നിന്ന് 4.07 കോടി രൂപ എസ്ഡിപിഐയിലേക്ക് എത്തിയിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തി. ഇതേപ്പറ്റിയുള്ള ചോദ്യം ചെയ്യലിന് വേണ്ടി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പന്ത്രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും എം.കെ ഫൈസി ഹാജരായിരുന്നില്ല. പിഎഫ്‌ഐക്കും എസ്ഡിപിഐക്കും ഒരേ അംഗങ്ങളാണെന്നും രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ നയരൂപീകരണവും പൊതുപരിപാടികളും പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമെല്ലാം പോപ്പുലര്‍ ഫ്രണ്ടാണ് ചെയ്യുന്നത്. പോപ്പുലര്‍ഫ്രണ്ടിന്റെ കോഴിക്കോടെ ആസ്ഥാനമായ യൂണിറ്റി ഹൗസില്‍ നടത്തിയ റെയിഡില്‍ കണ്ടെത്തിയ രേഖകളില്‍ എസ്ഡിപിഐ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും സ്ഥാനാര്‍ത്ഥികളെ അടക്കം ഏതുതരത്തില്‍ കണ്ടെത്തണമെന്നും പിഎഫ്‌ഐ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കണ്ടെടുത്തതായും ഇ.ഡി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!