എരുമേലി: ഗതാഗതക്കുരുക്ക് പരിഹരിക്കാതെ പോലീസ് കാഴ്ചക്കാരായി ഇരിക്കുന്നതിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യുവാവിന്റെ പേരിൽ പോലീസിനെ ആക്രമിച്ചെന്ന് കേസെടുത്ത് അറസ്റ്റ് ചെയ്ത് റിമാൻഡ്ചെയ്ത എരുമേലി പോലീസിന് കോടതിയിൽ തിരിച്ചടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊതുജനങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഈ വീഡിയോ കോടതി പരിശോധിക്കുകയും ചെയ്തതോടെ യുവാവിന് കോടതി ജാമ്യം അനുവദിച്ചതാണ് പോലീസിന് തിരിച്ചടിയായത്.മുക്കൂട്ടുതറ വെൺകുറിഞ്ഞി സ്വദേശിയും തൊടുപുഴയിൽ പ്രസ് ജീവനക്കാരനുമായ നെല്ലോലപൊയ്ക ഷിജോ ജോസിനാണ് കാഞ്ഞിരപ്പള്ളി കോടതി ജാമ്യം അനുവദിച്ചത്. കോടതിയിൽ ഇല്ലാതിരുന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പ്രത്യേക ദൂതൻ മുഖേനെയുള്ള കോടതിയുടെ നിർദേശപ്രകാരം ഓൺലൈനിൽ ഹാജരായാണ് പങ്കെടുത്തത്.പ്രതിക്ക് ജാമ്യം നൽകുന്നത് പോലീസിന്റെ മനോവീര്യം തകർക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഉന്നയിച്ചപ്പോൾ പോലീസ് എടുത്തത് കള്ളക്കേസ് ആണെന്നു തെളിയിക്കുന്ന വീഡിയോ ദൃശ്യം ഉണ്ടെന്നും ഇത് കോടതി കാണണമെന്നും ഷിജോയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ബിനോയ് മങ്കന്താനം അഭ്യർഥിച്ചു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സംഭവം കണ്ടുകൊണ്ടു നിന്ന നാട്ടുകാർ തത്സമയം ഫോണിൽ പകർത്തിയതാണെന്നും അഡ്വ. ബിനോയ് പറഞ്ഞു.കോടതി ഈ വീഡിയോ കണ്ടതോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് എരുമേലി ടൗണിൽ പെട്രോൾ പമ്പ് ജംഗ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴയിൽ ജോലിക്കു പോകാൻ ഷിജോ ബസ് കാത്തു നിൽക്കുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.ഈ സമയം ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ കുരുക്ക് പരിഹരിക്കാതെ മാറി കസേരയിൽ ഇരുന്ന് മൊബൈൽ ഫോണിൽ പരിപാടികൾ കണ്ട് ആസ്വദിക്കുകയായിരുന്നെന്ന് ഷിജോ പറഞ്ഞു.ഈ സമയം ഒരു ഓട്ടോ ഡ്രൈവർ ട്രാഫിക് ഡ്യൂട്ടി ഏറ്റെടുത്ത് വാഹനങ്ങൾ നിയന്ത്രിക്കുന്നത് കണ്ട് ഷിജോ ഈ രംഗങ്ങളും പോലിസ് ഡ്യൂട്ടി ചെയ്യാതെ ഇരിക്കുന്നതും ഫോണിൽ പകർത്തി. ഇടമറുക് സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ ഡ്രൈവറും എരുമേലി സ്വദേശിയുമായ വിൽസൺ എന്നയാളും ഷിജോയ്ക്കൊപ്പം ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു.ഇത് കണ്ട് പോലീസുകാരിൽ സി.കെ. അഭിലാഷ് എന്ന ആൾ ഇരുവരെയും കൈയേറ്റം ചെയ്യുന്ന ദൃശ്യം പൊതുജനങ്ങൾ പകർത്തിയതാണ് കോടതിയിൽ ഷിജോയുട അഭിഭാഷകൻ ഹാജരാക്കിയത്.വിൽസണെയും ഷിജോയെയും അഭിലാഷ് എന്ന പോലീസുകാരൻ തള്ളിമാറ്റുകയും ഇരുവരുടെയും വീഡിയോ പോലീസുകാരൻ ഫോണിൽ പകർത്തുകയും ഷിജോയുടെ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതും ഉൾപ്പെടെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തുന്നുന്നുണ്ടായിരുന്നു. ഇരുവരെയും തള്ളിമാറ്റുന്നതിനിടെ പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന വയർലെസ് സെറ്റ് താഴെ വീണു.ഈ സമയം സ്ഥലത്ത് എത്തിയ സബ് ഇൻസ്പെക്ടർ ഷിജോയെയും വിൽസണെയും പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. വിൽസണെ ഉച്ചയോടെ വിട്ടയച്ചു. ഷിജോയുടെ പേരിൽ പോലീസിനെ ആക്രമിച്ചെന്ന് കേസെടുത്ത് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് രണ്ടാഴ്ചത്തേക്ക് പൊൻകുന്നം സബ് ജയിലിൽ റിമാൻഡ് ചെയ്യുകയുമായിരുന്നു.പോലീസുകാരനെ ഷിജോ ആക്രമിച്ച് താഴെ വീഴ്ത്തിയെന്നും വയർലെസ് സെറ്റ് പിടിച്ചു പറിച്ച് എറിഞ്ഞെന്നും ഉൾപ്പെടെ ഡ്യൂട്ടി തടസപ്പെടുത്തി ആക്രമിച്ചെന്നായിരുന്നു കേസ്. എന്നാൽ, ഇത് വാസ്തവം അല്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. പോലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കി പുനരന്വേഷണം നടത്തണമെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരേ ശിക്ഷാ നടപടി ആവശ്യപ്പെട്ടും ജില്ലാ പോലീസ് മേധാവിക്ക് ഇന്ന് പരാതി നൽകുമെന്ന് അഡ്വ. ബിനോയിയും ഷിജോ യും അറിയിച്ചു.ഷിജോയെ പോലീസ് സ്റ്റേഷനിൽ കാണാൻ ചെന്ന പിതാവിനെ വനിതാ പോലീസ് ഉദ്യോഗസ്ഥ അസഭ്യം പറഞ്ഞെന്നും ചില പോലീസുകാർ ഷിജോയോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തെന്നും അഡ്വ. ബിനോയി പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു