ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ലോക പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യൻ സാമ്പത്തിക രംഗത്തെ നവ ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവുമായ ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ശ്വാസംമുട്ടൽ അടക്കം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീട്ടിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഇന്നലെ രാത്രി എട്ടോടെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും 9.51ന് അന്ത്യം സംഭവിച്ചു.കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും വിവരമറിഞ്ഞ് ആശുപത്രിയിലെത്തി. കർണാടകയിലെ ബെൽഗാമിൽ എ.ഐ.സി.സി പ്രത്യേക പ്രവർത്തക സമിതിയോഗത്തിൽ പങ്കെടുക്കാൻ പോയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവരമറിഞ്ഞ് ഡൽഹിയിലെത്തി.കഴിഞ്ഞ ഏപ്രിലിൽ രാജ്യസഭ എം.പിയെന്ന നിലയിൽ കാലാവധി പൂർത്തിയാക്കിയ അദ്ദേഹം വിശ്രമത്തിലായിരുന്നു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ മൻമോഹൻ സിംഗ് 2004-2014വരെ രണ്ടുവട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.1932 സെപ്തംബർ 26ന് ഇപ്പോഴത്തെ പാകിസ്ഥാനിൽ ഉൾപ്പെട്ട പഞ്ചാബിലെ ഗാഹിലാണ് ജനിച്ചത്. ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം നേടിയിട്ടുണ്ട്. യു.എന്നിൽ പ്രവർത്തിച്ച ശേഷമാണ് ഇന്ത്യയിലെത്തിയത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (1972-1976), റിസർവ് ബാങ്ക് ഗവർണർ (1982-1985), ആസൂത്രണ കമ്മിഷൻ തലവൻ (1985-1987) തുടങ്ങിയ സുപ്രധാന പദവികൾ വഹിച്ചു. 1991-2024വരെ രാജ്യസഭാംഗമായിരുന്നു. രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.1991ൽ പി.വി.നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരിക്കെ നടപ്പാക്കിയ സാമ്പത്തിക ഉദാരവത്കരണം ഏറെ ശ്രദ്ധനേടി. വിദേശ നിക്ഷേപം, സ്വകാര്യവത്കരണം തുടങ്ങിവയിലൂടെ സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവ് നൽകിയ സാമ്പത്തിക നയങ്ങളാണ് പിന്നീടുള്ള സർക്കാരുകളും തുടർന്നത്. ഇന്ത്യയെ ലോകത്തിലെ അതിവേഗം വളരുന്ന വിപണികളിലൊന്നാക്കി മാറ്റാൻ മൻമോഹൻസിംഗിന്റെ സാമ്പത്തിക തീരുമാനങ്ങൾക്ക് കഴിഞ്ഞു.ഭാര്യ: ഗുർശരൺ കൗർ. മക്കൾ: ഉപീന്ദർ സിംഗ്, ദമൻ സിംഗ്, അമൃത് സിംഗ് രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, വയനാട് എം.പി പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു