‘ജീവൻ’: പ്രസവശേഷം ആശുപത്രിയിൽ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷത്തൈ സമ്മാനം

ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട മാതൃകയുമായി ആരോഗ്യ വകുപ്പ്

പ്രസവശേഷം ആശുപത്രിയിൽ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷത്തൈ സമ്മാനമായി നൽകുന്ന ‘ജീവൻ’ എന്ന പദ്ധതിയ്ക്ക് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എസ്.എ.ടി. ആശുപത്രിയിലെ ടീമിന് വൃക്ഷതൈ കൈമാറി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജബ്ബാർ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, നഴ്സിംഗ് ഓഫീസർമാരായ ജ്യോതി, സജിത എന്നിവർക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്. സംസ്ഥാന സർക്കാരിന്റെ മികച്ച നഴ്സിനുള്ള പുരസ്‌കാരം നേടിയ നഴ്സിംഗ് ഓഫീസറാണ് ജ്യോതി. പ്രസവശേഷം എസ്.എ.ടി.യിൽ നിന്നും ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങിയ കുടുംബങ്ങൾക്ക് സൂപ്രണ്ട് വൃക്ഷത്തൈകൾ കൈമാറി.

തലമുറകളുടെ ആരോഗ്യകരമായ നിലനിൽപ്പിന് പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സമ്മാനമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത് വനം വകുപ്പുമായി ചേർന്നാണ്. പ്രസവം നടക്കുന്ന മറ്റ് ആശുപത്രികളിൽ കൂടി പദ്ധതി വ്യാപിപ്പിക്കും. പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനത്തിലാണ് വീട്ടിലേയ്ക്ക് അയയ്ക്കുന്നത്. അവരുടെ സന്തോഷത്തിൽ പങ്കുചേർന്നാണ് വൃക്ഷത്തൈ കൂടി നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!