സിംഗപ്പുർ: ചെസ് ബോർഡിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ദോമ്മരാജു ഗുകേഷ് ലോക ചാംപ്യൻ. ലോക ചെസ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഇന്ത്യൻ താരം കിരീടം ചൂടിയത്. ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്. അവസാന ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ചാണ് നിലവിലെ ചാംപ്യനെ അട്ടിമറിച്ചതെന്നത് ഗുകേഷിന്റെ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.ആകെയുള്ള 14 ഗെയിമുകളിൽനിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ഗുകേഷ്, 7.5–6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ വീഴ്ത്തിയത്. 14 ഗെയിമുകളിൽനിന്ന് ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നയാളാണ് ലോക ചാംപ്യനാകുക. ഇത്തവണ വാശിയേറിയ പോരാട്ടം 14–ാം ഗെയിമിലേക്ക് എത്തുമ്പോൾ 6.5 പോയിന്റ് വീതമായിരുന്നു ഇരുവർക്കും. മൂന്നാം ഗെയിമും 11–ാം ഗെയിമും ഗുകേഷും ഒന്നാം ഗെയിനും 12–ാം ഗെയിമും ഡിങ് ലിറനും ജയിച്ചപ്പോൾ, മറ്റു ഗെയിമുകൾ സമനിലയിൽ അവസാനിച്ചു.ജയിക്കുന്നവർക്ക് കിരീടം എന്നതായിരുന്നു 14–ാം ഗെയിമിന്റെ ആകർഷണം. വെള്ളക്കരുക്കളുടെ ആനുകൂല്യവുമായിട്ടായിരുന്നു നിലവിലെ ചാംപ്യൻ ഡിങ് ലിറന്റെ കളി. എന്നാൽ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയതോടെ മത്സരം സമനിലയിലേക്കാണെന്ന തോന്നലുയർന്നു. ഇതോടെ ഇത്തവണ ലോക ചാംപ്യനെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവരുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അവസാന നിമിഷം ഡിങ് ലിറന് സംഭവിച്ച അസാധാരണ പിഴവു മുതലെടുത്ത് ഗുകേഷ് വിജയം പിടിച്ചെടുത്തത്.