തിരുവനന്തപുരം : ഒമ്പതാമത് ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ വർക്ക്ഷോപ്പ് ഇന്ത്യ 2024 (എഫ്പിആർഡബ്ല്യുഐ 2024) നവംബർ 7 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സുമായി (എഫ്ഐഎഎഫ്) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള വൈലോപ്പിള്ളി സംസ്കൃതിഭവൻ മൾട്ടി പർപ്പസ് കൾച്ചറൽ കോംപ്ലക്സിലാണ് ശിൽപശാല നടക്കുക. ശബ്ദ-ദൃശ്യ സംരക്ഷണ (preservation) മേഖലയിൽ പ്രവർത്തിക്കാൻ ആവശ്യമായ വിഷയങ്ങളിൽ ഈ മേഖലയിലെ അന്തരാഷ്ട്ര വിദഗ്ധർ പരിശീലനം നൽകും. സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റൽ പ്രിസർവേഷൻ, ഫിലിം കൺസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ, ഡിജിറ്റൈസേഷൻ, ഡിസാസ്റ്റർ റിക്കവറി, കാറ്റലോഗിംഗ്, പേപ്പർ, ഫോട്ടോഗ്രാഫ് കൺസർവേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പരിശീലന സെഷനുകളുമുൾപ്പെടുന്നതാണ് ശില്പശാല. ക്ലാസുകൾക്ക് ശേഷം റീസ്റ്റോർ ചെയ്ത ലോകസിനിമകളുടെ പ്രദർശനമുണ്ടായിരിക്കും.