സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കും;വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി തുറന്നിട്ടിരിക്കുന്നുവെന്ന് മന്ത്രി കെ.എ. തുളസി

ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും പൊതുജനസേവനത്തിന് പരിധികളുണ്ടാകരുതെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. കുടുംബശ്രീ ജില്ലാ മിഷൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘കോംപസ്’ കരിയർ ഗൈഡൻസ് ശില്പശാലയും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഏതാവശ്യത്തിനും പൊതുജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഓഫീസുകളുമായി ബന്ധപ്പെടാം. ലഭിക്കുന്ന അപേക്ഷകൾ കൃത്യമായി പഠിച്ച്, തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കും. പരിഹാരിക്കാൻ കഴിയാത്തവ അപേക്ഷകരെ ബോധ്യപ്പെടുത്തും. ഈ സർക്കാർ ജനങ്ങളുടെ സേവകരായിരിക്കുമെന്നും മന്ത്രിപദവി ജനങ്ങൾക്കിടയിൽ ഒരു മതിലാവില്ലെന്നും മന്ത്രി ഉറപ്പുനൽകി.

വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റ്‌സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, കോഴ്‌സ് പൂർത്തിയാകുന്നതിന് നൽകും. സ്ത്രീ ശാക്തീകരണത്തിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതി ലക്ഷ്യമിടുന്ന കുടുംബശ്രീ സംവിധാനം, മാറി മാറി വന്ന സർക്കാരുകൾ ഒരുപോലെ കൈപിടിച്ചുയർത്തിയതാണെന്നും മന്ത്രി പറഞ്ഞു.
 
ചടങ്ങിൽ അഡ്വ. ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമീ ഷംനാദ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് അഞ്ജന, തൊളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ്, മറ്റു ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!