എരുമേലി: കേരള എക്സൈസ് പ്രഖ്യാപിച്ച ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന ഉണങ്ങിയ മേൽത്തരം 1.350 കിലോഗ്രാം ഗഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടക്കയം ചോറ്റി സ്വദേശി ( കപ്പലുമാക്കൽ മാത്തുക്കുട്ടി) എന്ന് വിളിക്കുന്ന അമൽ എബ്രഹാം(28) എന്നയാളെ അറസ്റ്റ് ചെയ്ത് സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.എരുമേലി റെയിഞ്ച് ഇൻസ്പെക്ടർ ജി. ശിവകുമാറിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധനയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ 2.45 മണിയോടെ കൂവപ്പള്ളി മലബാർ കവലയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുന്നതിന് വേണ്ടി ഗഞ്ചാവ് കടത്തി കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്തതിൽ വെളിപ്പെടുത്തി. ചെറു പൊതികളിലായി വിൽപ്പന നടത്തുമ്പോൾ രണ്ട് ലക്ഷം രൂപയിൽ അധികം ലഭിക്കുമെന്നും പറഞ്ഞു. ഇതിന്റെ ഉറവിടം സംബന്ധിച്ച് ഫോൺ കോളുകൾ കേന്ദ്രികരിച്ച് അന്വേഷണം നടത്തി അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ് . സഞ്ജീവ് കുമാർ അറിയിച്ചു. ലഹരിക്കെതിരെ കർശന നടപ്പടികൾ എടുക്കുവാനും മയക്കുമരുന്ന് വിൽപ്പന നടത്തി ലഭിക്കുന്ന സമ്പാദ്യം കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നടപടികൾ എക്സൈസ് സ്വീകരിച്ചു വരുകയാണ്. മയക്കുമരുന്നിനു അടിമയായവരെ കൗൺസിലിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എക്സൈസിന്റെ കൗൺസിലിംഗ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ടോജോ റ്റി ഞള്ളിയിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മുഹമ്മദ് അഷ്റഫ്, നജീബ് പി എ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശോഭ് കെ വി, സനൽ മോഹൻദാസ്, ഷെഫീൽ. പി. ഷൗക്കത്ത് വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജലി കൃഷ്ണ എന്നിവർ പങ്കെടുത്തു.
