ജില്ലയില്‍ ഇതുവരെ 4,794 പേര്‍ക്ക് വാക്‌സിന്‍ നല്‍കി
ഗര്‍ഭാശയഗള കാന്‍സറിനെ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിന്‍ 14 വയസ്സ് പൂര്‍ത്തിയായ എല്ലാ പെണ്‍കുട്ടികളും സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. മെയ് 31 വരെ നടക്കുന്ന എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായി 14 വയസ്സ് പൂര്‍ത്തിയായ എല്ലാ പെണ്‍കുട്ടികള്‍ക്കും ഒറ്റ ഡോസ് വാക്സിന്‍ നല്‍കും. ജില്ലയില്‍ ഇതുവരെ 4,794 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും ഡി.എം.ഒ അറിയിച്ചു.
എന്താണ് ഗര്‍ഭാശയഗള കാന്‍സര്‍?
ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ(Cervix) ബാധിക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍. 99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) കൊണ്ടുള്ള തുടര്‍ച്ചയായ അണുബാധ കാരണമാണ് ഉണ്ടാകുന്നത്. ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനം ഇതിനാണ്. രാജ്യത്ത് 2022ല്‍ 79,103 പുതിയ കേസുകളും 34,805 മരണവും ഗര്‍ഭാശയഗള ക്യാന്‍സര്‍ കാരണമുണ്ടായിട്ടുണ്ട്. ഒരു ലക്ഷം സ്ത്രീകളില്‍ പ്രതിവര്‍ഷം 11.6 പേര്‍ക്ക് രോഗബാധ ഉണ്ടാകുന്നു. ഇവരില്‍ പകുതിയോളം (5.1 പേര്‍) പേര്‍ മരിക്കുന്നുണ്ട്. എച്ച്.പി.വി അണുബാധ ഗര്‍ഭാശയഗള ക്യാന്‍സറിന് പുറമെ, മലദ്വാരം, വായ, തൊണ്ട, സ്ത്രീ ജനനേന്ദ്രിയം, യോനി, പുരുഷ ലിംഗം എന്നിവിടങ്ങളിലും കാന്‍സറുണ്ടാക്കാം.
2006 മുതല്‍ എച്ച്.പി.വി വാക്‌സിന്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സുരക്ഷിതമായി നല്‍കിവരുന്നുണ്ട്. എച്ച്.പി.വി വൈറസ് മൂലമുണ്ടാകുന്ന അണുബാധയില്‍നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികള്‍ വാക്സിന്‍ സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടും.
