തിരുവനന്തപുരം: വോട്ടെണ്ണലുമായി ബന്ധപ്പെട്ട് എല്ലാ റിട്ടേണിങ് ഓഫീസർമാർക്കും കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും വീഴ്ചയുണ്ടായാൽ നടപടി ഉണ്ടാകുമെന്നും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ യു രത്തൻ ഖേൽക്കർ.
രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണി തുടങ്ങും. കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളൂ എന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്. വോട്ടെണ്ണല്‍ ആദ്യം പൂർത്തിയാക്കിയാൽ അവാർഡ് ഒന്നും കൊടുക്കുന്നില്ല. പക്ഷേ തെറ്റ് ചെയ്താൽ തീർച്ചയായും നടപടി ഉണ്ടാകും. അത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. 32,301 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
