ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന് ആവേശകരമായ സമാപനം
നിർമ്മിത ബുദ്ധി (എഐ ) തൊഴിലുകളെ പൂർണ്ണമായും ഇല്ലാതാക്കുകയല്ല, മറിച്ച് മനുഷ്യർ ചെയ്യുന്ന ജോലികളുടെ രീതികളിൽ ഗുണപരമായ മാറ്റം വരുത്തുകയാണ് ചെയ്യുന്നതെന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ എഐ – റോബോട്ടിക് വിദഗ്ധൻ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് അംഗങ്ങളുടെ ദ്വിദിന സംസ്ഥാന ക്യാമ്പിന്റെ സമാപന ചടങ്ങ് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ആധുനിക സാങ്കേതിക വിദ്യകളെ കേവലം അറിവായി മാത്രം കാണാതെ, നിരന്തരമായ അന്വേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും അവയെ ജീവിതത്തിന്റെ ഭാഗമാക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണം. സാങ്കേതിക വിദ്യയുടെ വേഗതയ്ക്കൊപ്പം തന്നെ അതിന്റെ ആഴവും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കഠിനാധ്വാനത്തിലൂടെയുള്ള അറിവിനു പകരം എളുപ്പവഴികൾ തേടുന്നത് ഒഴിവാക്കണം,” അദ്ദേഹം ഓർമ്മിപ്പിച്ചു.
കളമശ്ശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജിൽ നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അധ്യക്ഷനായിരുന്നു. സമാപന ദിവസം സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, മീഡിയ കൺസൽട്ടൻറ് സുനിൽ പ്രഭാകർ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ നൂതനമായ പ്രായോഗിക പരിശീലനമാണ് ക്യാമ്പിൽ നൽകിയത്.
സംസ്ഥാനത്തെ 2,248 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ 78,336 കുട്ടികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 204 വിദ്യാർത്ഥികളാണ് ഈ സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ മികവ് തെളിയിക്കുന്നതായിരുന്നു രണ്ടുദിവസത്തെ ക്യാമ്പ്.
