10 ടൺ മാലിന്യം നീക്കിയതിന് പിന്നാലെ വാഹനത്തിൽ കരിമ്പിൻതോട് പാതയോരത്ത് മാലിന്യ നിക്ഷേപം ;നടപടി സ്വീകരിക്കാൻ പഞ്ചായത്ത്

എരുമേലി :ടൺ കണക്കിന് മാലിന്യങ്ങൾ നിറഞ്ഞ കരിമ്പിൻതോട് വനപാതയിൽ ജനകീയ പങ്കാളിത്തത്തോടെ മാലിന്യങ്ങൾ നീക്കി ശുചീകരിച്ചതിന് പിറ്റേന്ന് വാഹനത്തിൽ എത്തിച്ച് മാലിന്യമിട്ടതായി പരാതി. മാലിന്യങ്ങൾ പരിശോധിച്ച പഞ്ചായത്ത്‌ അംഗങ്ങൾക്ക് മാലിന്യങ്ങളിൽ നിന്ന് ലഭിച്ച രസീത്, ബിൽ എന്നിവയിലുണ്ടായിരുന്ന ഫോൺ നമ്പർ തെളിവായി. ഈ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ ബംഗാളികൾ മുഖേനെ മാലിന്യങ്ങൾ കൊടുത്തു വിട്ടതാണെന്നും ഇനി ഇങ്ങനെ ചെയ്യില്ലന്നും മറുപടി. വെണ്ണിക്കുളം സ്വദേശിയുടേത് ആണ് മാലിന്യങ്ങൾ എന്ന് വ്യക്തമായെന്നും ഇയാൾ കുറ്റം സമ്മതിച്ചെന്നും എരുമേലി പഞ്ചായത്ത്‌ അംഗങ്ങളായ പി ഡി ദിഗീഷ്, അൻസാരി പാടിക്കൽ എന്നിവർ പറഞ്ഞു. ലഭിച്ച തെളിവുകൾ എരുമേലി പോലീസിന് കൈമാറി നിയമ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നും അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കനകപ്പലം – മുക്കട പാതയിലെ മാലിന്യങ്ങൾ വിവിധ സംഘടനകളുടെയും ആരോഗ്യ വകുപ്പ്, വനം വകുപ്പ് സഹകരണത്തോടെയും പഞ്ചായത്ത്‌ നേതൃത്വത്തിൽ 200 ഓളം പേരുടെ ശ്രമഫലമായി നീക്കം ചെയ്തത്. കാനന സൗന്ദര്യവും കുളിർമയും നിറഞ്ഞ വനപാതയിൽ മാലിന്യങ്ങൾ മൂലം യാത്ര ദുസ്സഹമായിരുന്നു. പല തവണ ശുചീകരണം നടത്തിയപ്പോഴും വീണ്ടും മാലിന്യങ്ങൾ എത്തുന്ന പ്രവണത ഇനി ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!