അരുവിത്തുറ: കിഴക്കിന്റെ കവാടവും ചരിത്ര പ്രസിദ്ധ തീര്‍ഥാടന കേന്ദ്രവുമായ അരുത്തുറ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് നാളെ കൊടിയേറും. വൈകുന്നേരം നാലിന് ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍
വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് 5.40ന് ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കൊടിയേറ്റും. തുടര്‍ന്ന് അമ്പതിലധികം വൈദികര്‍ പങ്കെടുക്കുന്ന പുറത്തു നമസ്കാരം. തുടർന്ന് 101 പൊന്‍കുരിശുമേന്തി നഗര പ്രദക്ഷിണം.
ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേലും സഹവികാരി ഫാ. ജോസഫ് ചെങ്ങഴശേരിലും ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളായ ജോസഫ് വടക്കേല്‍, ജോര്‍ജ് ജോസഫ് ചെറ്റകാരിക്കല്‍, ട്രസ്റ്റി റോയി പള്ളിപ്പറമ്പില്‍ എന്നിവര്‍ എന്നിവർ നെത്ര്വതം നൽകും .

114 വിശുദ്ധ കുര്‍ബാനകൾ
15 മുതല്‍ മേയ് ഒന്നുവരെ തിരുനാളിനോടനുബന്ധിച്ച് 114 വിശുദ്ധ കുര്‍ബാനകളാണ് അര്‍പ്പിക്കപ്പെടുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ് ഉള്‍പ്പെടെ അഞ്ച് ബിഷപ്പുമാര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുമെന്ന് സഹ വികാരി ഫാ.
ജോസഫ് ചെങ്ങഴശേരില്‍ പറഞ്ഞു.
മധ്യകേരളത്തിലെ ഏറ്റവും പ്രധാന വെടിക്കെട്ടുകളിലൊന്നായിരുന്നു അരുവിത്തുറ
വെടിക്കെട്ട്. പള്ളിയോട് ചേര്‍ന്നുള്ള മൈതാനത്തായിരുന്നു ആദ്യം വെടിക്കെട്ട് നടന്നത്.പിന്നീട് സുരക്ഷ മുന്‍നിര്‍ത്തി സ്റ്റേഡിയത്തിലേക്ക് മാറ്റി. പുന്നത്തുറ, കൂട്ടിക്കല്‍, ചേര്‍പ്പുങ്കല്‍ സെറ്റുകളുടെ കരിമരുന്നു കലാപ്രകടനം കാണാന്‍ ഹൈറേഞ്ചില്‍നിന്നു
ധാരാളം ആളുകൾ എത്തിയിരന്നു. ഹൈറേഞ്ചിന്റെ സ്വന്തം വാഹനമായ ജീപ്പുകളുടെ നീണ്ട നിര പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാണാമായിരുന്നുതായും റോയി പള്ളിപ്പറമ്പില്‍ പറഞ്ഞു.
കൃഷിക്കായുള്ള പണിയായുധങ്ങള്‍ മുതല്‍ മുറം, കൊട്ട, കത്തി, കപ്പി, കോപ്പ, ഭരണി, വാര്‍പ്പ്, കുട്ടകം, ഉരുളി, മണ്‍പാത്രങ്ങള്‍, കട്ടില്, പരമ്പ്, മേശ തുടങ്ങി പലവ്യഞ്ജന സാധനങ്ങള്‍ വരെ തിരുനാൾ മൈതാനത്ത് ലഭിക്കും. തിരുനാൾ കഴിഞ്ഞാലും എട്ടാമിടം
വരെ തിരക്കൊഴിയില്ല, വണക്കമാസ പുസ്തകങ്ങളും മറ്റും വാങ്ങിയിരുന്നത് തിരുനാളിനായിരുന്നതെന്ന് ഇടവക ട്രസ്റ്റി റോയി പള്ളിപ്പറമ്പില്‍ പഞ്ഞു.
തിരുനാൾ കൂടാനെത്തുന്ന ബന്ധുക്കളെ സ്വീകരിക്കാന്‍ ഭവനങ്ങളും ഒരുങ്ങാറുണ്ട്.
സ്വാദിഷ്ഠവും വിഭവസമൃദ്ധവുമായ ഭക്ഷണസാധനങ്ങള്‍ ഒരുക്കിയാണ് കുടുംബാംഗങ്ങള്‍ ബന്ധുക്കളെ സ്വീകരിക്കുന്നത്. പാലപ്പവും വെള്ളയപ്പവും വട്ടയപ്പവും
കോഴിക്കറിയും പന്നിക്കറിയും പോത്തുകറിയുമൊക്കെയായി തീന്മേശകളില്
രുചിവൈവിധ്യങ്ങള്‍ നിറയും. ഒരുമിച്ചുള്ള ഭക്ഷണത്തിനു ശേഷം തിരുനാൾ കൂടുന്ന പതിവ് ഇപ്പോഴും തുടരുന്നതായും ജോസഫ് വടക്കേല്‍ പറഞ്ഞു.
കാട് വെട്ടിത്തെളിച്ചു കൃഷിയിറക്കിയ കര്‍ഷക മക്കള്‍ തങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും പറയാന്‍ വര്‍ഷത്തിലൊരിക്കല്‍ വല്യച്ചന്റെ സന്നിധിയില്‍ എത്തുന്ന ആചാരം കാലത്തിനൊപ്പം വളര്‍ന്ന് ഇപ്പോഴും തുടരുന്നു. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ വല്യച്ചന്റെ മാധ്യസ്ഥം കര്‍ഷകര്‍ക്ക് വലിയ സംരക്ഷണമായിരുന്നു.
തങ്ങളുടെ തലേവര്‍ഷത്തെ അധ്വാനമായ കുരുമുളകും ഏലയ്ക്കയും അടക്കമുള്ള കാര്‍ഷിക വിളകളും തേന്‍, തൈര്, എണ്ണ, പഴവര്‍ഗങ്ങള്‍ എന്നിവയും തെങ്ങിന് തൈകളും ആടും കിടാവുമൊക്കെ കാണിക്കയായി വല്യച്ചനു സമര്‍പ്പിക്കുന്ന പതിവ് ഇപ്പോഴും
തുടരുന്നതായി ഓര്‍മകള്‍ പങ്കുവച്ച് ജോര്‍ജ് ജോസഫ് ചെറ്റകാരിക്കല്‍ പറഞ്ഞു.
തീക്കോയിയില്നിന്നും പൂഞ്ഞാറില്‍നിന്നും ഒഴുകിവരുന്ന രണ്ടു പുഴകള്‍ ഒന്നാകുന്ന
സ്ഥലമാണ് അരുവിത്തുറ. പുഴകള്‍ ഒന്നാകുന്നതുപോലെ പലവഴി പിരിഞ്ഞുപോയവര്ക്കു വീണ്ടും കാണാനുള്ള വേദിയാണ് തിരുനാള്‍.അരുവിത്തുറയില്നിന്നും സമീപ
പ്രദേശങ്ങളില്‍നിന്നും ഹൈറേഞ്ച്, മലബാര്‍ മേഖലകളിലേക്കു കുടിയേറി പാര്‍ത്തവരും നാട്ടിലുള്ളവരും ഒത്തുകൂടുന്ന ദിനങ്ങളാണ് അരുവിത്തുറ തിരുനാളെന്നും അരുവിത്തുറ പ്രദേശമാകെ ആത്മീയ ഉണര്‍വിലും ഉത്സവഛായയിലുമാ ണെന്നും വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.