തൊടുപുഴയിലെ ഔസേപ്പച്ചൻ പുത്രന് വഴിമാറുന്നു ; അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥി; കേരളാ കോണ്‍ഗ്രസ് ജോസഫും പുത്ര വഴിയില്‍

തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പടിയിറങ്ങുന്നു. പതിറ്റാണ്ടുകളായി തന്റെ രാഷ്ട്രീയ തട്ടകമായിരുന്ന തൊടുപുഴ മണ്ഡലത്തില്‍ മകന്‍ അപു ജോണ്‍ ജോസഫിനെ പിന്‍ഗാമിയായി നിശ്ചയിച്ചുകൊണ്ട് അദ്ദേഹം സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വിരാമമിട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പിന്മാറ്റമെങ്കിലും പാര്‍ട്ടിയുടെ അമരത്ത് ചെയര്‍മാനായി പി.ജെ. ജോസഫ് തന്നെ തുടരും. തൊടുപുഴയില്‍ പി.ജെ. ജോസഫിന് ലഭിച്ചിരുന്ന വ്യക്തിപരമായ ജനപ്രീതി അപുവിന് വോട്ടാക്കി മാറ്റാന്‍ കഴിയുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അപു ജോസഫിന്റെ വരവ് ഇടുക്കിയിലെ യു.ഡി.എഫ്. രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.പാര്‍ട്ടിയുടെ പ്രൊഫഷണല്‍ ആന്‍ഡ് ഐ.ടി. വിഭാഗം ചെയര്‍മാനായിരുന്ന അപു ജോണ്‍ ജോസഫ് കഴിഞ്ഞ കുറച്ചു കാലമായി സംഘടനാ രംഗത്ത് സജീവമാണ്. 2025 ജനുവരിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അപുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. നിലവില്‍ പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റി അംഗമായ അപു, പിതാവിന്റെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ മുഖമായി തൊടുപുഴയില്‍ ഇതിനകം സജീവമായിക്കഴിഞ്ഞു. മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് ഈ ‘തലമുറമാറ്റം’.കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഭരണം മക്കളിലേക്ക് കൈമാറുന്ന ചരിത്രം അപു ജോണ്‍ ജോസഫിലൂടെ ആവര്‍ത്തിക്കുകയാണ്. കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം), ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്), ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി. ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ക്ക് പിന്നാലെ അപുവും സജീവ അങ്കത്തിനിറങ്ങുന്നു. ഇതില്‍ അനൂപ് ജേക്കബും അപുവും യു.ഡി.എഫ്. നിരയിലും ജോസ് കെ. മാണിയും ഗണേഷ് കുമാറും എല്‍.ഡി.എഫ്. നിരയിലുമാണ്.

പി ജെ ജോസഫ് ,പി സി തോമസ് ,മോൻസ് ജോസഫ് ,തോമസ് ഉണ്ണിയാടൻ ,ജോസഫ് എം പുതുശ്ശേരി എന്നിവർ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം അപു ജോൺ ജോസഫിനെ സ്വീകരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!