ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ
പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ
തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ
വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു. താൻ കാരണം
പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ
സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം
പോലെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന നിലപാട് വ്യക്തമാക്കിയ ജി.
സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും
പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും
മാധ്യമങ്ങളോടു പറഞ്ഞു.
തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം
പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട
സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു
എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല.
പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല.
വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ
കൂട്ടിച്ചേർത്തു.
തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും.
വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്‍റെ ഏക ആയുധം
രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ.
അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ
ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല.
അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി
